‘മനുഷ്യജീവനുകൾ കേന്ദ്ര സർക്കാരിന് വിഷയമല്ലേയെന്ന്’ ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നതായി കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മനുഷ്യജീവനുകൾ സർക്കാരിന് വിഷയമല്ലേയെന്നും ഡൽഹി ഹൈക്കോടതി ചോദിച്ചു.

ഓക്‌സിജൻ ക്ഷാമത്തിൽ ജനങ്ങൾക്ക് സർക്കാരിനെ ആശ്രയിക്കാനേ സാധിക്കു. സർക്കാരാണ് ലഭ്യത ഉറപ്പാക്കേണ്ടത്. യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ ഈ അടിയന്തരഘട്ടം മറികടക്കണമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു.

പ്ലാന്റുകളിൽ നിന്ന് ഓക്‌സിജൻ ആശുപത്രികളിൽ എത്തിക്കാൻ പ്രത്യേക ഇടനാഴി തുറക്കാവുന്നതാണെന്നും തടസമില്ലാതെ ഓക്‌സിജൻ കൊണ്ടുപോകാൻ പ്രത്യേക ഇടനാഴി ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അല്ലെങ്കിൽ എയർ ലിഫ്റ്റ് ചെയ്യണമെന്നും ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

ഡൽഹിയിൽ മാത്രമല്ല, രാജ്യത്താകമാനം ഓക്‌സിജൻ എത്തിക്കാൻ കേന്ദ്രം എന്തുചെയ്യുന്നുവെന്ന് അറിയണമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ നടപടി തുടരുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു.

Top