ഈ വര്‍ഷത്തെ ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാര്‍ ; ഞായറാഴ്ച ഒപ്പു വെയ്ക്കുന്നു

hujj

ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാറില്‍ ഞായറാഴ്ച ഒപ്പു വെയ്ക്കും. ജിദ്ദയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയില്‍ ഇത്തവണ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

ജിദ്ദയിലെ ഹജ്ജ് മന്ത്രാലയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് കരാറില്‍ ഒപ്പു വെയ്ക്കുക. ഇതിനായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി നാളെ ജിദ്ദയിലെത്തും. കഴിഞ്ഞ വര്‍ഷം 1,70,000 ഓളം ഇന്ത്യക്കാര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്.

മക്കയില്‍ ഹറം വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2013 മുതല്‍ 2016 വരെ എല്ലാ രാജ്യങ്ങളുടെയും ഹജ്ജ് ക്വാട്ടയില്‍ ഇരുപതു ശതമാനം സൗദി സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു. അതിനാല്‍ ഇന്ത്യക്ക് 34,000 പേരുടെ അവസരം നഷ്ടമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ക്വാട്ട പഴയ നിലയില്‍ പുനഃസ്ഥാപിക്കുകയായിരുന്നു. ഇത്തവണയും ഇതിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.

45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് അടുത്ത ബന്ധുവായ പുരുഷന്റെ തുണയില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ സൗദി അറേബ്യ അനുമതി നല്‍കിയിട്ടുണ്ട്. സൗദിയുമായി ഹജ്ജ് കരാര്‍ ഒപ്പിടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഈ ഇളവ് ലഭിക്കും. ഇതുപ്രകാരം മൊത്തം 1,300 വനിതകള്‍ക്ക് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും മഹ്‌റം ഇല്ലാതെ ഹജ്ജിനെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

Top