ഫ്രാന്‍സിന് ലോകകിരീടം നേടിക്കൊടുത്ത നായകന്‍ ഹ്യൂഗോ ലോറിസ് ടോട്ടനം വിടുന്നു

പാരിസ്: ഫ്രാന്‍സിന് ലോകകിരീടം നേടിക്കൊടുത്ത നായകന്‍ ഹ്യൂഗോ ലോറിസ് ടോട്ടനം വിടുന്നു. മേജര്‍ ലീഗ് സോക്കറില്‍ ലോസ് എയ്ഞ്ചല്‍സ് ക്ലബിലേക്കാണ് താരം ചുവടുമാറുന്നത്. 2025 വരെയാണ് താരത്തിന്റെ കരാര്‍. ഡിസംബര്‍ 31ന് ബേണ്‍മൗത്തിനെതിരായ മത്സരത്തോടെ ലോറിസിന്റെ ടോട്ടനം കരിയറിന് അവസാനമാകും. ജനുവരി ഒന്നിന് ആരംഭിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരകൈമാറ്റം നടക്കും.

37കാരനായ ലോറിസിന്റെ 11 വര്‍ഷം നീണ്ട ടോട്ടനം കരിയറിനാണ് അവസാനമാകുന്നത്. ടോട്ടനത്തിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ നേടിയ താരവും ലോറിസാണ്. മേജര്‍ ലീഗ് സോക്കറില്‍ നിലവിലെ ഫൈനലിസ്റ്റുകളാണ് ലോസ് എയ്ഞ്ചല്‍സ് എഫ്‌സി.

2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്ത നായകനും ഗോള്‍കീപ്പറുമാണ് ഹ്യൂഗോ ലോറിസ്. 2022ലെ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലില്‍ എത്തിക്കാനും ലോറിസിന് കഴിഞ്ഞു. ഫൈനല്‍ തോല്‍വിയുടെ ആഘാതം മാറും മുമ്പെ ലോറിസ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചിരുന്നു. 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അന്ന് താരം വിരാമമിട്ടത്.

Top