വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ഹ്യൂ ജാക്ക്മാനും ഡെബോറയും

വോള്‍വറിന്‍ അടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകമനസില്‍ ഇടം നേടിയ നടനാണ് ഹ്യൂ ജാക്ക്മാന്‍. ഇപ്പോഴിതാ ഭാര്യ ഡെബോറയുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗികമായ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഡെബോറയും ജാക്ക്മാനും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 27 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് ഇരുവരും ചേര്‍ന്ന് സൗഹാര്‍ദപരമായി അവസാനിപ്പിക്കുന്നത്.

എതാണ്ട് മൂന്ന് പതിറ്റാണ്ടുകളാണ് ഭാര്യാഭര്‍ത്താക്കന്മാരായി കഴിയാന്‍ തങ്ങളിരുവരും അനുഗ്രഹിക്കപ്പെട്ടത്. ആ യാത്ര ഇപ്പോള്‍ മാറുകയാണ്. വ്യക്തിപരമായ വളര്‍ച്ച പിന്തുടരാനാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും ഇരുവരും ചേര്‍ന്നിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കുടുംബത്തിനായിരുന്നു എപ്പോഴും പ്രാധാന്യം നല്‍കിയിരുന്നത്. ഇനിയങ്ങോട്ടും അങ്ങനെതന്നെയായിരിക്കും. നന്ദി, സ്‌നേഹം, ദയ എന്നിവയോടെ ഞങ്ങള്‍ ഈ അടുത്ത അധ്യായം ഏറ്റെടുക്കുന്നു. പ്രസ്താവനയില്‍ പറഞ്ഞു.

ഈയവസരത്തില്‍ തങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുന്നതിനെ വളരെയേറെ അഭിനന്ദിക്കുന്നുവെന്നും ഇരുവരും പറഞ്ഞു. ഡെബും ഹ്യൂ ജാക്ക്മാനും എന്ന് പറഞ്ഞുകൊണ്ടാണ് രണ്ടുപേരും പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ദത്തെടുത്ത രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. 23 കാരനായ ഓസ്‌കര്‍ 18 വയസുള്ള അവ എന്നിവരാണവര്‍.

Top