പാക്കിസ്ഥാന് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവ; ഇരുട്ടടി കിട്ടിയത് ഇന്ത്യക്കാര്‍ക്ക്

ന്യൂഡല്‍ഹി പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നികുതി ഇരട്ടിയാക്കിയ നടപടിയില്‍ ഇരുട്ടടി നേരിടുന്നത് ഇന്ത്യയിലെ പത്രങ്ങള്‍ക്കും മാസിക വിതരണക്കാരാണെന്ന് റിപ്പോര്‍ട്ട്.

ഭീകരാക്രമണത്തിന് ശേഷം 200 ശതമാനം നികുതിയാണ് പാക്കിസ്ഥാനില്‍നിന്നുള്ള സാധനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചുമത്തിയത്. അതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തുന്ന പത്രമാസികകളും വലിയ പ്രസിസന്ധിയിലാണെന്ന് വിതരണക്കാര്‍ പറയുന്നു

മുംബൈയില്‍ പാക്കിസ്ഥാനില്‍നിന്നുള്ള പത്രങ്ങളും മാസികകളും വിതരണം ചെയ്യുന്നത് മുഹമ്മദലി റോഡിലെ നാസ് ബുക്ക് ഡിപ്പോയാണ്. ചെറിയ വില വരുന്ന പത്രങ്ങളും മാസികകളും വിപണിയില്‍ എത്തിക്കണമെങ്കില്‍ വലിയനികുതി അടയ്ക്കണമെന്നാണ് ഇവര്‍ പറയുന്നത്.

മുംബൈയില്‍ താമസിക്കുന്നവരുടെ നിരവധി ബന്ധുക്കള്‍ ഇപ്പോഴും പാക്കിസ്ഥാനിലുണ്ട്. അവരാണ് കൂടുതലും ഈ പ്രസിദ്ധീകരണങ്ങള്‍ വാങ്ങുന്നത്. ഇവര്‍ക്ക് പുറമെ ലൈബ്രറികളും, ഗവേഷക വിദ്യാര്‍ഥികളുമാണ് ഇംഗ്ലീഷിലും ഉറുദുവിലുമെത്തുന്ന ഇത്തരം പ്രസിദ്ധീകരണങ്ങള്‍ വാങ്ങുന്നത്. അവരെയാണ് പുതിയ നികുതി ചുമത്തല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് നാസ് ബുക്ക് ഡിപ്പോയുടെ ഉടമസ്ഥനായ മുഹമ്മദ് അസിഫ് പറഞ്ഞു.

എഴുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാവുന്നതെന്നും പത്ര മാസികകള്‍ മുംബൈ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുകയാണെന്നും അസിഫ് പറഞ്ഞു. ഇനിയും ഈ നടപടി തുടര്‍ന്നാല്‍ ലക്ഷങ്ങളുടെ നഷ്ടമാവും ഉണ്ടാവുകയെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.

Top