ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പ്; ബാരലിന് 94 ഡോളറായി

മുംബൈ: വിതരണം കുറഞ്ഞതും ഡിമാന്റ് വര്‍ധിച്ചതും അസംസ്‌കൃത എണ്ണവില പത്ത് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിച്ചു. ബാരലിന് 94 ഡോളര്‍ നിലവാരത്തിലാണ് ക്രൂഡ് ഓയിലിന്റെ വ്യാപാരം നടക്കുന്നത്.തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് വില കൂടുന്നത്. ഈയാഴ്ച മാത്രം മൂന്നു ശതമാനംവരെ വര്‍ധന രേഖപ്പെടുത്തി. ഓഗസ്റ്റിലാകട്ടെ 15 ശതമാനം കുതിപ്പാണുണ്ടായത്. ചൈനയില്‍നിന്നുള്ള ഡിമാന്റില്‍ വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലാണ് വര്‍ധനവിന് പിന്നില്‍.

വിതരണം കുറച്ച് ഡിമാന്റ് കൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയാകട്ടെ, വിപണിയില്‍ എണ്ണ ലഭ്യതക്കുറവ് രൂക്ഷമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.നടപ്പ് വര്‍ഷത്തെ തുടക്കത്തില്‍ ബാരലിന് 82 ഡോളര്‍ നിലവാരത്തിലായിരുന്നു വില. ജൂണില്‍ 70 ഡോളിലേക്ക് ഇടിയുകയും ചെയ്തു. ഓഗസ്റ്റ് 23ന് രേഖപ്പെടുത്തിയ 82 ഡോളറില്‍നിന്ന് 94 ഡോളറിലേക്ക് തുടര്‍ച്ചയായി വില കത്തിക്കയറുകയാരിരുന്നു.പ്രതിദിനം 33 ലക്ഷം ബാരലിന്റെ കുറവ് ഉണ്ടാകുമെന്നാണ് ഒപെകിന്റെ വിലയിരുത്തല്‍. 2023ലെ എണ്ണയുടെ ആവശ്യതകയാണ് മറ്റൊരു നിര്‍ണായക ഘടകം. പ്രതിദിനം 18 ലക്ഷം ബാരലിന്റെ അധിക ആവശ്യകത ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി കണക്കുകൂട്ടുന്നത്.

Top