പെരിയാര്‍ വിവാദം; രജനികാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു

ചെന്നൈ: തമിഴ് മാസിക തുഗ്ലക്കിന്റെ വാര്‍ഷിക ആഘോഷത്തിനിടെ പെരിയാറെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ രജനീകാന്തിനെതിരെയുള്ള പ്രതിഷേധം തമിഴ്‌നാട്ടില്‍ കനക്കുന്നു. ദര്‍ബാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ് വിവിധ തമിഴ് സംഘടനകളുടെ ആഹ്വാനം.

ബിജെപിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമമാണ് രജനികാന്ത് നടത്തുന്നതെന്ന് തമിഴ് സംഘടനകള്‍ ആരോപിച്ചു.

ചെന്നൈയില്‍ ജനുവരി 14-ന് നടന്ന ഈ ചടങ്ങിലാണ് രജനീകാന്ത് ചോ രാമസ്വാമിയെ പുകഴ്ത്തുന്നതിനൊപ്പം, പെരിയാറിനെതിരെ വിമര്‍ശനമുന്നയിച്ചത്. അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി 1971 ല്‍ പെരിയാര്‍ റാലി നടത്തി എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന.

അന്നത്തെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും, പ്രതികരണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം പെരിയാര്‍ വിവാദത്തില്‍ രജനികാന്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പെരിയോറിനെ കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനികാന്ത് നടത്തുന്നതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അഴഗിരി തുറന്നടിച്ചിരുന്നു.

രജനികാന്തിനെ ബിജെപി പിന്തുണച്ചതിന് പിന്നാലെയാണ് പരസ്യവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. പെരിയോറിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന രജനികാന്ത്, പൗരത്വനിയമ ഭേദഗതിയില്‍ സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് കാര്‍ത്തി ചിദംബരവും ചോദിച്ചു.

Top