രാജസ്ഥാനിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 38 പേരെ തട്ടിക്കൊണ്ടുപോയി

kidnapp

ജയ്പുര്‍: രാജസ്ഥാനിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 38 പേരെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. ജാല്‍വറിലെ ഉന്‍ഹെര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാമന്‍ ദേവരിയാന്‍ ഗ്രാമത്തില്‍ നിന്നാണ് തട്ടി കൊണ്ട് പോയത്. ബുധനാഴ്ചയായിരുന്നു സംഭവം. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ആലോത്തില്‍ നിന്നുള്ള നൂറോളം പേരാണ് ഇതിനു പിന്നിൽ. കത്തിയും വാളും അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം ഗ്രാമത്തില്‍ അഴിഞ്ഞാടി. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

വിവരമറിഞ്ഞ പോലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ 38 പേരെയും പിന്നീട് മോചിപ്പിച്ചു. രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്നുള്ളവര്‍ മധ്യപ്രദേശിലെത്തി സ്ഥിരമായി മോഷണവും അക്രമവും നടത്തുന്നതാണ് തട്ടിക്കൊണ്ടുപോകലിനും അതിക്രമത്തിനും കാരണമായതെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍നിന്ന് ബസിലും മറ്റു വാഹനങ്ങളിലുമായാണ് നൂറോളം പേര്‍ രാജസ്ഥാനിലെ ബാമന്‍ ദേവരിയാന്‍ ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഇവര്‍ വരുന്ന വിവരമറിഞ്ഞ് ബാമന്‍ ഗ്രാമത്തിലെ പുരുഷന്മാര്‍ ഒളിവില്‍പോയി. ഇതോടെയാണ് അക്രമിസംഘം സ്ത്രീകളെയും കുട്ടികളെയും വാഹനങ്ങളില്‍ തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും ആയുധങ്ങള്‍ പിടിച്ചെടുത്തതായും ജാല്‍വാര്‍ എസ്.പി. അറിയിച്ചു. നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എസ്.പി. പറഞ്ഞു.

Top