രാജ്യത്ത് വൈദ്യുതവാഹനങ്ങളിലേക്ക് മാറുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

രാജ്യത്ത് വൈദ്യുതവാഹനങ്ങളിലേക്ക് മാറുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഒരുവര്‍ഷം കൊണ്ട് വൈദ്യുതവാഹനങ്ങളുടെ വില്പനയിലുണ്ടായത് 49.25 ശതമാനം വര്‍ധന. 2022 വര്‍ഷം വിറ്റത് 10,25,063 വാഹനങ്ങളാണെങ്കില്‍ 2023 ഡിസംബര്‍ 31 വരെ അത് 15,29,947 ആയി. അഞ്ചുലക്ഷത്തിലധികം വര്‍ധന. നാലുചക്ര വാണിജ്യവാഹനങ്ങളിലും വ്യക്തിഗത വാഹനങ്ങളിലും ഏകദേശം ഒരേരൂപത്തിലാണ് വളര്‍ച്ച. യഥാക്രമം 114.16, 114.71 ശതമാനംവീതം.

എങ്കിലും വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ളവയാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയത്. 2022, 2023 വര്‍ഷങ്ങളില്‍ നാലുചക്ര വാണിജ്യവാഹനങ്ങള്‍ 2649, 5673 എന്നിങ്ങനെ യൂണിറ്റുകളാണ് വിറ്റതെങ്കില്‍ വ്യക്തിഗത വാഹനങ്ങള്‍ 38240, 82105 എന്നിങ്ങനെയായിരുന്നു. ഇന്ധനവിലവര്‍ധന കാരണം ഇരുചക്രവാഹനം ഓടിക്കുന്നവര്‍ വന്‍തോതില്‍ കളംമാറുന്നതാണ് വാഹനവിപണിയിലെ പുതിയ ട്രെന്‍ഡ്. 2022-ല്‍ 6,31,464 ഇരുചക്ര വൈദ്യുതവാഹനങ്ങളാണ് വിറ്റതെങ്കില്‍ 2023-ല്‍ അത് 8,59,376 ആയി. 36.09 ശതമാനം വര്‍ധന. മൂന്നുചക്രവാഹനങ്ങളിലിത് 3,52,710-ല്‍നിന്ന് 5,82,793 ആയി ഉയര്‍ന്നു. 65.23 ശതമാനത്തിന്റെ വളര്‍ച്ച.

വിലക്കൂടുതലും ബാറ്ററികളുടെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ കാണപ്പെടുന്നതുമാണ് ഇപ്പോഴും പലരെയും വൈദ്യുതവാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ചാര്‍ജിങ് സ്റ്റേഷനുകള്‍ പെട്രോള്‍ പമ്പുകളെപ്പോലെ വ്യാപകമല്ലാത്തതും വഴിയില്‍പ്പെട്ടുപോകുമോ എന്ന ആശങ്കയ്ക്കിടയാക്കുന്നു. ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതും വൈദ്യുതവാഹന നിര്‍മാണത്തില്‍ സൗകര്യങ്ങളൊരുക്കുന്നതുമായ നിലപാടും നയങ്ങളുമാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

Top