ശബരിമല ക്ഷേത്രത്തിന്റെ വരുമാനത്തില്‍ വന്‍ കുതിപ്പ് ; 11 ദിവസം പിന്നിടുമ്പോള്‍ 31 കോടി

പത്തനംതിട്ട : ശബരിമല തീര്‍ഥാടനം തുടങ്ങി 11 ദിവസം പിന്നിടുമ്പോള്‍ വരുമാനം 31 കോടി രൂപയിലെത്തി.

ഇത്തവണത്തെ തീര്‍ഥാടന കാലത്ത് കഴിഞ്ഞ വര്‍ഷത്തേതു പോലെ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഭക്തരുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ബാരിക്കേഡ് ഉപയോഗിച്ച് മറച്ചിരുന്ന വലിയനടപ്പന്തലിലും ഭക്തര്‍ക്ക് വിശ്രമിക്കാം.

സന്നിധാനത്ത് എത്തിയാല്‍ ഇത്ര സമയത്തിനുള്ളില്‍ മലയിറങ്ങണമെന്ന നിബന്ധനയുമില്ല. ചെറു വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. സന്നിധാനത്ത് നിയന്ത്രങ്ങളൊന്നും ഇല്ലാതായതോടെ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വിശ്രമിച്ച ശേഷമാണ് ഭക്തര്‍ മലയിറങ്ങുന്നത്.

പൊലീസിന്റെ വെര്‍ച്വല്‍ ക്യു പാസുള്ളവരെ മാത്രമാണു മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി കടത്തി വിടുന്നത്. നെയ്യഭിഷേകത്തിനു ബുദ്ധിമുട്ടില്ല. തിരക്കുളളപ്പോള്‍ അഭിഷേകത്തിനു കാത്തുനില്‍ക്കാതെ തീര്‍ഥാടകര്‍ നെയ്ത്തേങ്ങ തോണിയില്‍ പൊട്ടിച്ച് ഒഴിച്ച് മലയിറങ്ങുകയാണ്.

Top