മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം

റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ വന്‍ തീപ്പിടുത്തം. മക്ക റീജ്യന് കീഴിലുള്ള താഇഫ് ഗവര്‍ണറേറ്റിലെ അമദ് മലനിരകളിലാണ് തീപിടുത്തമുണ്ടായത്. നിരവധി മരങ്ങളും മറ്റും കത്തിനശിച്ചു.

മലനിരകളിലെ വലിയൊരു ഭാഗത്ത് തീ പടര്‍ന്നിരുന്നു. പ്രദേശത്തെ കൃഷി സ്ഥലങ്ങളും കത്തിനശിച്ചു. സ്ഥലത്ത് നിന്ന് മാറണമെന്ന് കാണിച്ച് പ്രദേശവാസികള്‍ക്ക് അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു.

ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി സേനാ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് തീ പെട്ടെന്ന് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

Top