ബെംഗളൂരു കോറമംഗലയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരു കോറമംഗലയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. കോറമംഗലയിലെ നാല് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാര്‍ ഷോറൂം ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം തീ പടരുന്നത് കണ്ട് കെട്ടിടത്തിന് മുകളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം താഴേക്ക് ചാടിയ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമീപത്തെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ആറ് ഫയര്‍ യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായെന്നാണ് വിവരം. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ മേഖലയിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചത് ഹുക്ക ബാറും പബുമായിരുന്നുവെന്നും ഇവിടെ നിന്നാണ് തീയാളിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ വ്യക്തിയുടെ കാലിനും കൈക്കും പൊട്ടലുണ്ട്. ഇയാളുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്നും പൊലീസ് അറിയിച്ചു.

Top