തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട; കൊലകേസിലെ പ്രതിയും സീരിയല്‍ നടിയും അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 1500 ലിറ്റര്‍ കോട പിടിച്ചെടുത്ത് പൊലീസ്. നെയ്യാറ്റിന്‍കരയില്‍ നിന്ന് 400 ലിറ്റര്‍ കോടയും പാങ്ങോട് നിന്ന് 1100 ലിറ്റര്‍ കോടയുമാണ് എക്‌സൈസ് പിടിച്ചെടുത്തത്. കൊലകേസിലെ പ്രതിയും സീരിയല്‍ നടിയുമാണ് നെയ്യാറ്റിന്‍കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും പിടിയിലായത്.

400 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് നെയ്യാറ്റിന്‍കര ആര്യന്‍കോട് നിന്ന് പിടിച്ചെടുത്തത്. വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂര് സ്വദേശി സിനിയെയും ആണ് പിടികൂടിയത്. രണ്ട് വര്‍ഷം മുന്‍പ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. സീരിയല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. ലോക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ചെമ്പൂര്‍, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ ഇവര്‍ ചാരായം വാറ്റിയിരുന്നു എന്ന് പൊലീസ് കണ്ടെത്തി.

പാങ്ങോട് കാഞ്ചിനടയില്‍ വാമനപുരം എക്‌സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ഇവിടെ വ്യാജവാറ്റ് സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വനത്തോട് ചേര്‍ന്ന് വാറ്റു കേന്ദ്രം കണ്ടെത്തിയത്. വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവര്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. കൊച്ചാലുംമൂട് സ്വദേശി നൂഹ് കണ്ണ്, മകന്‍ ഇര്‍ഷാദ്, കാഞ്ചിനട സ്വദേശി ശശി എന്നിവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.

Top