മിഠായിയുടെയും സാരിയുടെയും ലേബലില്‍ നിരോധിത ലഹരിമരുന്ന് കടത്താന്‍ ശ്രമം

ചെന്നൈ: മിഠായിയുടെയും സാരിയുടെയും ലേബല്‍ ഒട്ടിച്ച് പാര്‍സലായി ഓസ്‌ട്രേലിയയിലേക്ക് കയറ്റി അയക്കാന്‍ ശ്രമിച്ച രണ്ടരകോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടികൂടി. ചെന്നൈ വിമാനത്താവളത്തിലാണ് വന്‍ ലഹരിമരുന്ന് വേട്ട നടന്നത്.നിരോധിത ഉല്‍പ്പന്നങ്ങളായ കറുപ്പും സ്യൂടോ ഫെഡ്രൈനുമാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കാര്‍ഗോ ഓഫീസുകളില്‍ പരിശോധന ശക്തമാക്കി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ കാര്‍ഗോ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടിയത്. മിഠായിയുടെ ലേബല്‍ ഒട്ടിച്ച പാക്കറ്റുകളിലായാണ് കറുപ്പ് സൂക്ഷിച്ചിരുന്നത്. 24 കവറുകളിലായി കണ്ടെത്തിയത് 11.68 കിലോ കറുപ്പ്. മറ്റൊരു കാര്‍ഗോ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് സ്യൂടോഫെഡ്രൈന്‍ എന്ന ലഹരിമരുന്ന് കണ്ടെത്തിയത്.

സാരിയുടെ ലേബല്‍ ഒട്ടിച്ച പെട്ടിയില്‍ കടത്താനായിരുന്നു ശ്രമം. പെട്ടിതുറന്ന് സാരികള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി. സാരികള്‍ക്കുള്ളില്‍ കമ്പോര്‍ഡ് പെട്ടികളിലായി അടുക്കി വച്ചിരുന്നത് 5 കിലോയോളം സ്യൂടോ ഫെഡ്രൈന്‍. പാര്‍സല്‍ ബുക്ക് ചെയ്ത ചെന്നൈ സ്വദേശിയുടെ വിലാസത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇത് വ്യാജവിലാസമാണെന്ന് സംശയിക്കുന്നു. പാര്‍സല്‍ ബുക്ക് ചെയ്യാന്‍ എത്തിയെന്ന് സംശിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു.

Top