വമ്പന്‍ താരനിര; മമ്മൂട്ടി- മഹേഷ് നാരായണന്‍ ചിത്രത്തില്‍ സുരേഷ് ഗോപിയും?

മ്മൂട്ടിയും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം മലയാള സിമിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഒന്നാണ്. വലിയ ബഡ്ജറ്റില്‍ കഥ പറയുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉള്‍പ്പടെ വമ്പന്‍ താരനിര ഭാഗമാകുമെന്ന വാര്‍ത്തകളുണ്ട്. ആ താരനിരയിലേക്ക് സുരേഷ് ഗോപിയുടെ പേര് കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.സിനിമയില്‍ ഒരു സുപ്രധാന വേഷത്തിലാകും സുരേഷ് ഗോപി എത്തുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ ചിത്രത്തില്‍ ഒരു സൂപ്പര്‍താരത്തിന്റെ കാമിയോയുണ്ടാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ന്യൂഡല്‍ഹി, നായര്‍സാബ്, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി മലയാളത്തിലെ നിരവധി ക്ലാസിക്കല്‍ സിനിമകളില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിന്റെ ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ തിരക്കുകള്‍ക്ക് ശേഷം മമ്മൂട്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. ഏപ്രിലില്‍ ആയിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളുണ്ട്. യുഎസിലും യുകെയിലും ഡല്‍ഹിയിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക.ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി സംസ്ഥാന, ദേശീയ പുരസ്‌കാര ജേതാവായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും എന്നും സൂചനകളുണ്ട്. ടൈം ട്രാവല്‍ ഴോണറില്‍ കഥ പറയുന്ന സിനിമയ്ക്കായി നടന്റെ സമ്മതം കിട്ടാന്‍ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു സംവിധായകന്‍. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.

Top