Huawei to unveil smartwatch for women at CES 2016

സ്മാര്‍ട്‌വാച്ചുകള്‍ വിപണിയിലെത്തിക്കുന്നതില്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരമാണിപ്പോള്‍. ആപ്പിളും സാംസങും മോട്ടറോളയുമെല്ലാം സ്മാര്‍ട്‌വാച്ചുകള്‍ പുറത്തിറക്കിക്കഴിഞ്ഞു. ആണുങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വലിയ ഡയലുളള സ്മാര്‍ട്‌വാച്ചുകളാണ് ഭൂരിഭാഗം കമ്പനികളും വില്പനയ്‌ക്കെത്തിച്ചിട്ടുള്ളത്.

സ്മാര്‍ട്‌വാച്ച് രംഗത്ത് സ്ത്രീകളോടുള്ള അവഗണനയ്ക്ക് അറുതിവരുത്താന്‍ ചൈനീസ് കമ്പനിയായ വാവെ മുന്നോട്ടുവന്നിരിക്കുന്നു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമൊരു സ്മാര്‍ട്‌വാച്ച് വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

അടുത്തവര്‍ഷം ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ (സെസ് 2016) യില്‍ വാവേ വാച്ചിന്റെ വുമണ്‍ എഡിഷന്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെടും.

‘വാച്ച്’ എന്ന പേരില്‍ തന്നെ ഒരുവര്‍ഷമായി കമ്പനി സ്മാര്‍ട്‌വാച്ചുകള്‍ ഇറക്കുന്നുണ്ട്. സ്മാര്‍ട്‌വാച്ചുകളുടെ ശ്രേണിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലുകളായിരുന്നു വാവെയുടേത്. 2015ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ സ്മാര്‍ട്‌വാച്ചുകളിലൊന്ന് വാവെയുടേതാണ്.

പുരുഷന്‍മാര്‍ക്കായി വാവേ ഇറക്കിയ സ്മാര്‍ട്‌വാച്ചുകളിലെ എല്ലാ സംവിധാനങ്ങളും സ്ത്രീകള്‍ക്കുള്ള സ്മാര്‍ട്ട്‌വാച്ചിലുമുണ്ടാകും. എന്നാല്‍ ഡയലിന്റെ വലിപ്പത്തിലും സ്ട്രാപ്പുകളുടെ നിറത്തിലും അല്പം ‘പെണ്ണത്തം’ പുലര്‍ത്തുമെന്ന് മാത്രം.

ലേഡീസ് വാച്ചിനൊപ്പം നിലവിലുളള സ്മാര്‍ട്‌വാച്ചിന്റെ പുതിയ തലമുറയെ അവതരിപ്പിക്കാനും വാവെ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സെല്ലുലാര്‍ കണക്ടിവിറ്റിയോടു കൂടിയതായിരിക്കും വാവെയുടെ പുതിയ വാച്ചുകളെന്ന് ടെക് സൈറ്റുകള്‍ പ്രവചിക്കുന്നു. സ്മാര്‍ട്‌ഫോണിന്റെ സഹായമില്ലാതെ തന്നെ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും സാധിക്കുന്ന വാച്ചുകളായിരിക്കും അവ.

Top