ഇനി ഗൂഗിളിന്റെ ആപ്ലിക്കേഷനുകളല്ല; സ്വന്തം ആപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി വാവെ

ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്ക് പകരം സ്വന്തം ആപ്പുകള്‍ പുറത്തിറക്കാനുള്ള നീക്കവുമായി ചൈനീസ് ടെക് കമ്പനി വാവെ. ഗൂഗിളിന്റെയും അമേരിക്കയുടേയും ഉപരോധത്തേയും നിയന്ത്രണങ്ങളേയും സ്വന്തം നിലക്ക് എതിരിടാനാണ് വാവെയുടെ തീരുമാനം.

നേരത്തെ മൈക്രോസോഫ്റ്റും നോകിയയും ശ്രമിച്ച് പരാജയപ്പെട്ട ഈ നീക്കത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനിയും ഇറങ്ങിയിരിക്കുന്നത്. വാവെയുടെ പി40 സ്മാര്‍ട്ട്ഫോണില്‍ യുട്യൂബും മാപും അടക്കമുള്ള ഗൂഗിളിന്റെ കോര്‍ ആപ്പുകള്‍ക്ക് പകരം സ്വന്തം ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനാണ് വാവെയ് ശ്രമം. ഇതിന് 1.5 ബില്യണ്‍ ഡോളര്‍(ഏകദേശം 10721 കോടിരൂപ) വാവെയ് നീക്കിവെച്ചിരിക്കുകയാണ്.

ആപ്പിളിന്റെ ഐ.ഒ.എസിനും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനും ബദലായി ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചെടുക്കുകയാണ് വാവെയ് ടെക്നോളജീസിന്റെ ശ്രമം. ഇതിനായി ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്ന പ്രോഗ്രാമര്‍മാര്‍ക്ക് വന്‍ ഓഫറുകളും ഇവര്‍ നല്‍കി തുടങ്ങി.

ഗൂഗിള്‍ മാപ്പ്, യുട്യൂബ്, ഫോട്ടോസ് തുടങ്ങിയ ആപ്പുകള്‍ ലഭ്യമാക്കണമെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ ഗൂഗിളിന് പണം നല്‍കേണ്ടതുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ വാവെയ്ക്ക് നല്‍കാതെ ഗൂഗിള്‍ തടഞ്ഞതോടെയാണ് അവര്‍ പുതിയ നീക്കവുമായി മുന്നോട്ട് വന്നത്.

Top