വാവെയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ; മേറ്റ് 20 എക്സ് 5ജി ഈ മാസം വിപണിയില്‍

ട്രംപ് ഭരണംകൂടം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാവേയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണായ വാവേ മേറ്റ് 20 എക്സ് 5ജി ഈ മാസമെത്തും. ചൈനയില്‍ ജൂലായ് 26 മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആമസോണ്‍ ഇറ്റാലിയന്‍ വെബ്സൈറ്റില്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂലായ് 12 മുതല്‍ യുഎഇയിലും ഫോണ്‍ ലഭ്യമാവും.

മേറ്റ് 20 എക്സ് സ്മാര്‍ട്ഫോണിന് സമാനമാണ് അതിന്റെ 5ജി പതിപ്പ്. സ്‌ക്രീന്‍ വലിപ്പവും, ക്യാമറ സംവിധാനങ്ങള്‍ളെല്ലാം മേറ്റ് 20 എക്സിന് സമാനമാണ്.

വാവേ മേറ്റ് 20 എക്സ് 5ജി യുടെ റാം എട്ട് ജിബിയും ഇന്റേണല്‍ സ്‌റ്റോറേജ് 256 ജിബിയുമാണ്. 5ജി ബാലോങ് 5000 മോഡമാണ് ഇതിലുള്ളത്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 5000 എംഎഎച്ച് ആണ്.

അമേരിക്കയുടെ വാണിജ്യ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ വാവേയുടെ 5ജി ഫോണ്‍ എത്തുന്നത് അനിശ്ചിതത്വത്തിലാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയെ തുടര്‍ന്ന് വാവേയുമായുള്ള വ്യാപാരബന്ധം ഉപേക്ഷിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വാവേയുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കിയിരുന്നു.

അതേസമയം, വാവേയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നു എന്ന സൂചനയുണ്ട്.

Top