ഹവേ മേധാവിയുടെ മകളുടെ അറസ്റ്റ്: കാനഡ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന

ബെയ്ജിങ്: ടെക്‌നോളജി സ്ഥാപനമായ ഹവേയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോവിനെ വിട്ടുകിട്ടണമെന്നും ഇല്ലെങ്കില്‍ കാനഡ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ചൈന .

ചൈനയുടെ വിദേശകാര്യ സഹമന്ത്രി ലെ യുചെങ് അമേരിക്കന്‍, കനേഡിയന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും വാന്‍ഷോവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വാന്‍ഷോവിന്റെ അറസ്റ്റ് തീര്‍ത്തും നീചമാണെന്ന് മന്ത്രാലയം പ്രതികരിച്ചു.

ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധ നിബന്ധനകള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് ഹവേയുടെ സ്ഥാപകന്റെ മകള്‍ കൂടിയായ മെങ് വാന്‍ഷോവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച കാനഡയിലെ വാന്‍കൂവറില്‍ വെച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു .

വാന്‍ഷോവിനെ അമേരിക്കയ്ക്ക് കൈമാറാനൊരുങ്ങുകയാണ് കാനഡ. 30 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് വാഷോവിന് മേല്‍ ചുമത്തിയിട്ടുള്ളതെന്നാണ് വിവരം. എന്നാല്‍ വാന്‍ഷോ ഒരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്ന് ചൈന വാദിക്കുന്നു.

2009-2014 കാലഘട്ടത്തില്‍ ഇറാനുമേലുള്ള ഉപരോധം മറികടക്കാന്‍ വാന്‍ഷോ ഹവേയുടെ സഹ സ്ഥാപനമായ സ്‌കൈ കോമിനെ ഉപയോഗപ്പെടുത്തിയെന്ന് ബ്രിട്ടിഷ് കൊളംബിയ കോടതി പറഞ്ഞു. സ്‌കൈകോം വേറൊരു കമ്പനിയാണെന്ന വിധത്തില്‍ വാന്‍ഷോ തെറ്റിദ്ധരിപ്പിച്ചു. ഇങ്ങനെ വിവിധ ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റവും വാന്‍ഷോവിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.

Top