ഹൃത്വിക്-ദീപിക ചിത്രം ഫൈറ്ററിന് മികച്ച പ്രീബുക്കിങ്; വിറ്റുപോയത് ഒരുലക്ഷത്തോളം ടിക്കറ്റുകള്‍

ഹൃത്വിക് റോഷന്‍ ദീപിക പദുകോണ്‍ ആദ്യമായി ഒന്നിക്കുന്ന ഫൈറ്ററിന് മികച്ച പ്രീബുക്കിങ്. ഇതുവരെ ചിത്രത്തിന്റെ ഒരുലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ത്രീഡി പതിപ്പിനാണ് കൂടുതല്‍ ബുക്കിങ് രേഖപ്പെടുത്തുന്നത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 93,735 ടിക്കറ്റുകള്‍ വിറ്റുപോയതില്‍ 50,770 ടിക്കറ്റുകളും ത്രീഡി പതിപ്പാണ്. ചിത്രത്തിന്റെ ഐമാക്‌സ് പതിപ്പിനും ഭേദപ്പെട്ട ബുക്കിങ്ങുണ്ട്. 2024 ജനുവരി 24-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈറ്റര്‍. അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ത്രസിപ്പിക്കുന്ന രംഗങ്ങളാല്‍ എത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാല്‍-ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകന്‍ സത്ചിതായിരുന്നു.

Top