‘ഹൃദയം’ തിയേറ്ററില്‍ തന്നെ; 2022 ജനുവരി 21ന് റിലീസ്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന പുതിയ ചിത്രം 2022 ജനുവരി 21-ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു. തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം മാറിയതോടെയാണ് ‘ഹൃദയം’ നിര്‍മാതാക്കളായ മെറിലാന്‍ഡ് സിനിമാസ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഹൃദയത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. സിനിമയില്‍ 15 ഗാനങ്ങളാണുള്ളത്. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ദര്‍ശനാ…’ എന്ന ഗാനം 50 ലക്ഷം ആളുകളാണ് ഇതുവരെ കണ്ടത്.

ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’.

Top