സംഘപരിവാര്‍ ബന്ധം ശരിവച്ച് എച്ച്ആർഡിഎസ്; ഇരയെന്ന നിലയില്‍ സ്വപ്നയെ സംരക്ഷിക്കും

പാലക്കാട്: സംഘപരിവാര്‍ ബന്ധം ശരിവച്ച് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. ഇരയെന്ന നിലയില്‍ സ്വപ്ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് അജി കൃഷ്ണന്‍ വ്യക്തമാക്കി. എച്ച്ആര്‍ഡിഎസിന്‍റെ പ്രവര്‍ത്തനം സുതാര്യമാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി. ബിലീവേഴ്സ് ചര്‍ച്ചിന്‍റെ കോടികളുടെ വിദേശഫണ്ട് വിനിയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഷാജ് കിരണ്‍ ഒന്നരമാസം മുന്‍പ് പാലക്കാട് ഓഫിസില്‍ എത്തിയിരുന്നതായും അജി കൃഷ്ണന്‍ വെളിപ്പെടുത്തി. സംഘപരിവാറെന്ന് ആക്ഷേപിക്കുന്നവരോട് ആര്‍എസ്എസ് ബന്ധം മോശം കാര്യമാണോ എന്നാണു മറുചോദ്യം.

സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ ബന്ധമുള്ള എന്‍ജിഒ എച്ച്ആര്‍ഡിഎസാണെന്ന് ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സെക്രട്ടറി അജി കൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്. സ്വപ്ന രഹസ്യമൊഴി നല്‍കിയതിലും അഭിഭാഷകനെ നിയമിച്ചതിലും പങ്കില്ലെന്ന് എച്ച്ആര്‍ഡിഎസ് ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്ഥാപനത്തിലെ ജീവനക്കാരി എന്ന നിലയിലും ഇരയെന്ന നിലയിലും സ്വപ്നയെ സംരക്ഷിക്കാന്‍ സൗകര്യങ്ങള്‍ നല്‍കാനാണു തീരുമാനം.

സ്ഥാപനത്തിനെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പില്ലെന്നും, പരാതി സ്വപ്നയെ സഹായിക്കുന്നതിലെ പ്രതികാരമാണെന്നും ആരോപണമുണ്ട്. ആരോപണങ്ങളുടെ മൂര്‍ച്ച കൂടുമ്പോഴും സ്വപ്നയോടൊപ്പം അടിയുറച്ചു നില്‍ക്കാനാണ് എച്ച്ആര്‍ഡിഎസിന്‍റെ തീരുമാനം. എച്ച്ആര്‍ഡിഎസ് ഇടപ്പെട്ടാണ് സ്വപ്നയുടെ സുരക്ഷയ്ക്കായി ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചതെന്നും അജി കൃഷ്ണൻ വ്യക്തമാക്കി.

Top