HRD orders judicial inquiry into Hyderabad Dalit scholar’s suicide

വാരണാസി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

ആത്മഹത്യയുമായി ബന്ധപ്പെട്ട് വിമര്‍ശനം നേരിട്ട കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിഷയം കേന്ദ്രസര്‍ക്കാരിനെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം. ഇതിനിടെ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

രോഹിതിന്റെ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടത് ഒരു രത്‌നത്തെയാണെന്ന് അദ്ദേഹം പറഞ്ഞു. ദളിതരുടേയും അടിച്ചമര്‍ത്തപ്പെടുന്നവരുടേയും ഉന്നമനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. വാരണാസിയില്‍ പൊതുയോഗത്തില്‍ പ്രസംഗിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി.

സ്വന്തം മണ്ഡലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കുള്ള സഹായ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. തനിയ്‌ക്കെതിരെ എല്ലാ കാലത്തും ആക്രമണമുണ്ടായിട്ടുണ്ടെന്നും മോദി പറഞ്ഞു.

എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ ഇതിനൊന്നും കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. രോഹിതിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Top