‘ഹൗഡി മോദി’ ഞായറാഴ്ച; ഹൂസ്റ്റണില്‍ കനത്തമഴ, അടിയന്തരാവസ്ഥ!

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടി ഞായറാഴ്ച്ച നടക്കാനിരിക്കെ പ്രദേശത്ത് ശക്തമായ മഴ. കനത്ത മഴയും കാറ്റും ഹൂസ്റ്റണ്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ടെക്‌സസില്‍ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ആരംഭിച്ച മഴയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തിട്ടുണ്ട്. തെക്കുകിഴക്കന്‍ ടെക്സാസിലെ 13 കൗണ്ടികളില്‍ ഗവര്‍ണര്‍ ഗ്രേഗ് അബ്ബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജനങ്ങളോട് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വീടിനുള്ളില്‍ത്തന്നെ കഴിയാനും സുരക്ഷാ മുന്‍കരുതലെടുക്കാനും ജനങ്ങളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം ഈ സാഹചര്യത്തില്‍ ടെക്‌സാസില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഹൗഡി മോദി പരിപാടി മുടങ്ങില്ലെന്നും പരിപാടിക്കുള്ള ഒരുക്കങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. 50,000 അമേരിക്കന്‍ ഇന്ത്യക്കാരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഹൗഡി മോദി പരിപാടിയില്‍ ഇന്ത്യന്‍ പ്രസിഡന്റ് നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടും. ഇരുവരും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടത്തും.

Top