വിദേശയാത്രകളില്‍ വിമാനത്തിലെ സമയം പ്രധാനമന്ത്രി ഉപയോഗപ്പെടുത്തുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അവസാനിച്ച മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ 20തോളം യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഏകദേശം 65 മണിക്കൂറോളം യു.എസിലും ബാക്കി സമയം യാത്രയ്ക്കായുമാണ് അദ്ദേഹം ചെലവഴിച്ചത്. തിരക്കിട്ട ഷെഡ്യൂളുകളുമായി കളം നിറഞ്ഞ പ്രധാനമന്ത്രിക്ക് ദീര്‍ഘദൂര വിമാനയാത്രയുടെ ക്ഷീണത്തിനെതിരെ (ജെറ്റ് ലാഗ്) പോരാടാനും യോഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ചില രഹസ്യങ്ങള്‍ ഉളളതായി ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിദേശയാത്രയില്‍ ക്രമാനുഗതമായി കൂടിക്കാഴ്ചകള്‍ നടത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ, ദീര്‍ഘദൂര യാത്രയ്ക്ക് ശേഷം സ്വാഭാവികമായുള്ള വിശ്രമത്തിന് സമയമില്ല. കഴിഞ്ഞ യാത്രയില്‍ പ്രധാനമന്ത്രി സി.ഇ.ഒമാരുമായി സെപ്തംബര്‍ 23 ന് അഞ്ച് കൂടിക്കാഴ്ചകളാണ് നടത്തിയത്. തുടര്‍ന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായുള്ള ചര്‍ച്ചകള്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍, പിന്നെ ചില ആഭ്യന്തര യോഗങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. സെപ്തംബര്‍ 24ന് അദ്ദേഹം ബൈഡനുമായുള്ള ഉഭയകക്ഷി യോഗത്തിലും ക്വാഡ് മീറ്റില്‍ലും പങ്കെടുത്തു. സെപ്തംബര്‍ 25ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു. കൂടാതെ എല്ലാ ദിവസവും അദ്ദേഹം മറ്റ് നിരവധി ആഭ്യന്തര യോഗങ്ങളും നടത്തി.

ഫ്‌ലൈറ്റില്‍ വച്ചു തന്നെ ചില മീറ്റിംഗുകളിലും അദ്ദേഹം പങ്കെടുത്തു. ഈ യാത്രയില്‍, യു.എസിലേക്കും തിരിച്ചും ഉളള യാത്രയില്‍ അദ്ദേഹം നാല് മീറ്റിംഗുകള്‍ നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. കൂടാതെ ശരീരവും ഉറക്കവും ലക്ഷ്യ സ്ഥാനത്തിന്റെ സമയ മേഖലയിലേക്ക് ക്രമപ്പെടുത്തുക എന്നതും സുപ്രധാനമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ രാത്രിയായാലും അദ്ദേഹം വിമാനത്തില്‍ ഉറങ്ങാത്തത്. ഇന്ത്യയിലേക്ക് മടങ്ങുമ്‌ബോഴും അദ്ദേഹം അതേ കാര്യം തന്നെ ചെയ്യുന്നു. കൂടാതെ ഇന്ത്യന്‍ സമയത്തിനനുസരിച്ച് ശരീരവും ഉറക്കവും ക്രമീകരിക്കുകയും, ആരോഗ്യവാനാണെന്നും യാത്രയ്ക്ക് തയ്യാറാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതായി ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിമാനത്തിലെ വായു ശരീരത്തിലെ ഈര്‍പ്പം വലിച്ചെടുക്കുമെന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മോദി ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാത്രി വിമാനങ്ങളാണ് പ്രധാനമന്ത്രി എപ്പോഴും ഇഷ്ടപ്പെടുന്നത്. 1990 കളില്‍ അദ്ദേഹം യു.എസ് സന്ദര്‍ശിക്കുമ്‌ബോള്‍, ഒരു എയര്‍ലൈന്‍ പ്രതിമാസ ഡിസ്‌കൗണ്ട് പാസ് നല്‍കാറുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍, മോദി എപ്പോഴും രാത്രിയില്‍ യാത്ര ചെയ്യുമായിരുന്നു. ഹോട്ടലുകളില്‍ പണം ചെലവഴിക്കാതെ മിക്ക സ്ഥലങ്ങളും സന്ദര്‍ശിക്കാമെന്ന് ഇത് ഉറപ്പുവരുത്തുന്നു. അദ്ദേഹം രാത്രി എയര്‍പോര്‍ട്ടിലും വിമാനത്തിലും ചെലവഴിക്കുമെന്നും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top