‘ഹണിട്രാപ് ‘ ഇന്ത്യന്‍ സൈനികരെ വലയിലാക്കാന്‍ ചൈനയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ വശീകരിക്കാന്‍ ചൈനയും പാക്കിസ്ഥാനും സ്ത്രീകളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

സൗന്ദര്യവും ആകര്‍ഷകത്വവുമുളള പാക്കിസ്ഥാനി, ചൈനീസ്, ഉര്‍ദു, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന സ്ത്രീകളെയാണ് ഇന്ത്യന്‍ സൈനികരെ വശീകരിക്കാന്‍ ശത്രുരാജ്യങ്ങള്‍ രംഗത്തിറക്കിയിരിക്കുന്നതെന്നും ഇത് ആപല്‍ക്കരമാം വിധം വര്‍ധിക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം ‘ഹണിട്രാപ്പ്’ ശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടാതിരിക്കാന്‍ സൈനികര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്.

ശത്രുപാളയം നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരാവാന്‍ സൈന്യത്തിന് ബോധവത്കരണം നല്‍കിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

സൈനികരുടെ ഇന്റര്‍നെറ്റ് ഉപയോഗവും വിദേശ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ചൈനീസ് നിര്‍മ്മിത സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന സൈനികരില്‍ പലരും ചൈനയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നവരെയും പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്നവരെയും നിരീക്ഷിച്ച് ആദ്യം അവരുമായി സൗഹൃദത്തിലാവുന്നതാണ് രീതി.

ഇംഗ്ലീഷ് സംസാരിക്കുന്ന ചൈനീസ് യുവതികളും ഉറുദ്ദു സംസാരിക്കുന്ന പാക്ക് വനിതകളുമാണ് ഇവര്‍ക്കിടയിലുള്ളത്.

ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും വളരുന്ന സൗഹൃദം പിന്നീട് കോഫിഷോപ്പുകളിലും, ഷോപ്പിങ് മാളുകളിലും കണ്ടുമുട്ടലിലെത്തുകയും പിന്നീട് ദൃഡമാവുകയും ചെയ്യും.

ആഴത്തിലുള്ള സൗഹൃദം ഉണ്ടാക്കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് ഒടുവില്‍ രഹസ്യമായി ദൃശ്യങ്ങള്‍ വീഡിയോ ടേപ്പിലാക്കി സൈനികരെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ഇവരുടെ മാര്‍ഗം.

സൈന്യവുമായി ബന്ധപ്പെട്ട് അതീവ സുരക്ഷ സ്വഭാവമുള്ള വിവരങ്ങള്‍ ബ്ലാക്കമെയിലിലൂടെ ചോര്‍ത്താനാണ് ഇവര്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

Top