ആ ‘പദവികളിൽ’ ഇനി എത്രനാൾ . . ? പ്രതിപക്ഷ എം.പിമാരിലും ചങ്കിടിപ്പ് ! !

നിൽക്കണോ, അതോ പോകണമോ ” …. ഇത്തരമൊരു മാനസികാവസ്ഥയിലാണിപ്പോൾ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്സ് എം.പിമാർ. പോകുകയാണെങ്കിൽ എങ്ങോട്ട് എന്നതും ഇവരെ സംബന്ധിച്ച് വലിയ ഒരു ചോദ്യം തന്നെയാണ്. ബി.ജെ.പിയിലേക്ക് ചാടാൻ തീരുമാനിച്ചുറച്ചവരും നിലവിൽ ത്രിശങ്കുവിലാണുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബി.ജെ.പിയുടെ ഉള്ള അക്കൗണ്ട് കൂടിയാണ് ഇടതുപക്ഷം ഇപ്പോൾ പൂട്ടിച്ചിരിക്കുന്നത്.

വി മുരളീധരനെ പോലെ കേരളത്തിന് പുറത്ത് നിന്നും എം.പിയാക്കി മന്ത്രിയാക്കാനുള്ള സാഹസമൊന്നും ഇനി ബി.ജെ.പി ദേശീയ നേതൃത്വം കാട്ടാനും സാധ്യതയില്ല. കോൺഗ്രസ്സിലെ സ്ഥാനമോഹികൾക്ക് ഇതും തിരിച്ചടിയാണ്. അടുത്ത തവണയും ലോകസഭയിൽ എത്താം എന്ന യു.ഡി.എഫ് എം.പിമാരുടെ പ്രതീക്ഷയാണ് നിയമസഭാ തിരഞ്ഞെടുപ്പോടെ ഇല്ലാതായിരിക്കുന്നത്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പ് 2024-ൽ ആണ് നടക്കാനിരിക്കുന്നത്. നിലവിൽ കേരളത്തിൽ നിന്നുള്ള 20-ൽ 19ഉം യു.ഡി.എഫിൻ്റെ കൈവശമാണുള്ളത്. ഇതിൽ 17ഉം കോൺഗ്രസ്സിനാണ്. രണ്ടെണ്ണം ലീഗിനും അവശേഷിക്കുന്ന ഒന്ന് ആർ.എസ്.പിയുടേതുമാണ്. 2024-ൽ ഇതിൽ ബഹുഭൂരിപക്ഷം സീറ്റുകളും തൂത്തുവാരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം മുന്നോട്ടു പോകുന്നത്.

മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തോളം അധികം വോട്ടുകളാണ് ഇത്തവണ ഇടതുപക്ഷം നേടിയിരിക്കുന്നത്. ഇത് മുസ്ലീംലീഗിനുള്ള മുന്നറിയിപ്പു കൂടിയാണ്. പൊന്നാനിയിലും ഈ പോക്കു പോയാൽ കടുത്ത വെല്ലുവിളി മുസ്ലീം ലീഗിനു നേരിടേണ്ടിവരും. നിയമസഭ തിരഞ്ഞെടുപ്പിൽ ഷിബു ബേബിജോൺ കൂടി പരാജയപ്പെട്ടതോടെ ആർ.എസ്.പിയുടെ അടിത്തറയും തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊല്ലവും യു.ഡി.എഫിനെ സംബന്ധിച്ച് അഗ്നിപരീക്ഷണം തന്നെയാകും. ആലപ്പുഴ എന്ന ഒറ്റ സീറ്റിൽ നിന്നും ഒരു ‘തൂത്തുവാരൽ’ തന്നെയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ജോസ്.കെ മാണി വിഭാഗം മുന്നണിയിൽ ഉള്ളതിനാൽ മധ്യ തിരുവതാംകൂറിലും ഇടതിന് പ്രതീക്ഷകൾ ഏറെയാണ്.

നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധിയാണ് ഈ പ്രതീക്ഷകൾക്കെല്ലാം ആധാരം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചു നൽകിയ വോട്ടുകളാണ് കഴിഞ്ഞ തവണ ഒറ്റ സീറ്റിൽ ഇടതുപക്ഷത്തെ ഒതുക്കി കളഞ്ഞിരുന്നത്. വയനാട്ടിൽ നിന്നും രാഹുൽ മത്സരിക്കുക കൂടി ചെയ്തതോടെ ഒരു തരംഗം തന്നെ കേരളത്തിൽ സൃഷ്ടിക്കാനും യു.ഡി.എഫിനു കഴിഞ്ഞിരുന്നു’ അന്നു പറ്റിയ തെറ്റാണ് നിയമസഭ തിരഞ്ഞെടുപ്പിൽ കേരളം ഇപ്പോൾ തിരുത്തിയിരിക്കുന്നതെന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ് ഷോ നടത്തിയിട്ട് പോലും കോൺഗ്രസ്സിൻ്റെ ”എക്സ്ക്ലൂസീവ്” സ്ഥാനാർത്ഥികൾ ഉൾപ്പെടെയാണ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. ഇത് ഇടതുപക്ഷത്തിന് നൽകിയിരിക്കുന്നതാകട്ടെ വലിയ ആത്മവിശ്വാസവുമാണ്.

20-ൽ 15-ൽ കൂടുതൽ സീറ്റുകൾ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ നേടുമെന്നാണ് ചെമ്പടയുടെ അവകാശവാദം. ബി.ജെ.പിക്കെതിരായ ‘കത്തുന്ന’ മുഖമായി രാഹുലല്ല പിണറായിയാണ് മാറിയിരിക്കുന്നതെന്നാണ് സി.പി.എം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതു കൊണ്ടു തന്നെ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തി നേടിയ പഴയ വിജയം യു.ഡി.എഫിന് ആവർത്തിക്കാൻ കഴിയില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഇതര പ്രതിപക്ഷ പാർട്ടികളുടെ ഒരു ഏകീകരണത്തിനും ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യത ഏറെയാണ്. ഇത്തരം ഒരു സംവിധാനത്തിൽ കേരള മുഖ്യമന്ത്രിക്കും വലിയ റോളുണ്ടാകാനാണ് സാധ്യത. ഇപ്പോൾ തന്നെ കേന്ദ്ര സർക്കാറിനെതിരെ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയാണ്. ദേശീയ മാധ്യമങ്ങളും ഇത്തരം നിലപാടുകൾക്ക് വലിയ പ്രചരണമാണ് നൽകി വരുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം അവതരിപ്പിച്ച സംസ്ഥാനവും കേരളമാണ്. ഏറ്റവും കൂടുതൽ ജനങ്ങളെ അണിനിരത്തി നടന്ന പ്രക്ഷോഭവും ഈ മണ്ണിൽ തന്നെയാണ് നടന്നിട്ടുള്ളത്. 80 ലക്ഷത്തോളം ജനങ്ങളാണ്, മനുഷ്യശൃംഖലയിൽ പങ്കാളിയായിരുന്നത്. ഇടതു പാർട്ടികളുടെ ഈ വേറിട്ട പ്രക്ഷോഭം രാജ്യ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായാണ് മാറിയിരുന്നത്. കേന്ദ്ര സർക്കാറിൻ്റെ കർഷകർക്കെതിരായ നിയമത്തിനെതിരായ പ്രക്ഷോഭത്തിൻ്റെ ബുദ്ധി കേന്ദ്രവും കമ്യൂണിസ്റ്റുകളാണ്. കോവിഡ് കാലത്തെ കേന്ദ്ര നടപടികൾക്കെതിരെയും കർക്കശ നിലപാടാണ് കേരളത്തിലെ പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

വാക്സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട കേരളം സ്വന്തം നിലയ്ക്ക് തന്നെ വാക്സിൻ ലഭ്യമാക്കാനുള്ള നടപടിയാണിപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ എണ്ണിപ്പറയാൻ നിരവധി ഉദാഹരണങ്ങൾ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ പ്രതിസന്ധിയിൽ പാർട്ടിയെ പോലും വിട്ടിട്ട് ഓടിപ്പോകുന്ന ഇമേജാണ് രാഹുൽ ഗാന്ധിക്കുള്ളത്. മോദിക്കെതിരെ ഇനി ആര് എന്ന ചോദ്യവും കോൺഗ്രസ്സിനെ ഭയപ്പെടുത്തുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷം കൂടി ഉൾപ്പെട്ട മൂന്നാം ബദൽ ഉദയം ചെയ്താൽ അത് കാവിപ്പടക്ക് വലിയ ഭീഷണിയാകും. സമാജ് വാദി പാർട്ടി, ആർ.ജെ.ഡി, ഡി.എം.കെ, ടി.ആർ.എസ്, എൻ.സി.പി, എ.എ.പി തുടങ്ങിയ പാർട്ടികളും മൂന്നാം ബദൽ ആഗ്രഹിക്കുന്നവരാണ്.ഇത്തരമൊരു ബദൽ രൂപപ്പെട്ടാൽ കോൺഗ്രസ്സിനും ആ ബദലിനെയാണ് പിന്തുണക്കേണ്ടി വരിക.

Top