വരുന്നൂ, ഐഫോൺ 13 ഗ്രെയ്റ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; വില: ഒരു മാസത്തെ ശമ്പളം!

ടെക് ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പ്രോഡക്ടുകളിലൊന്നാണ് ആപ്പിളിന്റെ ഐഫോണ്‍ 13 സീരീസ്. ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍, സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല ഐഫോണ്‍ 13 ന്റെ വില. ഈ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളിലുള്ളവര്‍ എത്ര മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു ഐഫോണ്‍ 13 വാങ്ങാന്‍ കഴിയുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഐഫോണ്‍ 13 സീരീസ് ഇന്ത്യയിലും വില്‍പന തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഹാന്‍ഡ്‌സെറ്റുകളുടെ വില ഇന്ത്യയില്‍ അല്‍പം കൂടുതലാണ്. ഇതോടെ ധാരാളം ആപ്പിള്‍ ആരാധകര്‍ വില കുറയുന്നതിന് ഉത്സവ വില്‍പനയ്ക്കായി കാത്തിരിക്കുകയാണ്. ഐഫോണ്‍ 13 വാങ്ങാന്‍ ഒരു ശരാശരി ഇന്ത്യക്കാരന്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും? ഇത് സംബന്ധിച്ച് മണി സൂപ്പര്‍മാര്‍ക്കറ്റ് ഗവേഷകര്‍ റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ട്.

ഐഫോണ്‍ 13 ന്റെ അടിസ്ഥാന വേരിയന്റിന്റെ വിലയും രാജ്യത്തെ മിനിമം വേതനവും മറ്റു ചെലവുകളും അടിസ്ഥാനമാക്കിയാണ് എത്രനാള്‍ ജോലി ചെയ്താല്‍ ഹാന്‍ഡ്‌സെറ്റ് വാങ്ങാമെന്ന് കണക്കാക്കിയിട്ടുള്ളത്. ഓരോ രാജ്യത്തെയും ഇറക്കുമതി തീരുവ, നികുതി, കറന്‍സി ഏറ്റക്കുറച്ചിലുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഐഫോണ്‍ 13 സീരീസ് വിലകള്‍ ലിസ്റ്റ് ചെയ്യുന്നത്.

ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം ഒരു ശരാശരി ഇന്ത്യന്‍ ഉപയോക്താവിന് ഐഫോണ്‍ 13 വാങ്ങാന്‍ 724.2 മണിക്കൂര്‍ ജോലി ചെയ്യണം. അതായത് ഏകദേശം 30 പ്രവൃത്തി ദിവസങ്ങള്‍. ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമതാണ്. ഫിലിപ്പീന്‍സ് ആണ് ഒന്നാമത്, ഇവിടെ ഒരു ഐഫോണ്‍ 13 സ്വന്തമാക്കാന്‍ ശരാശരി ഉപയോക്താവ് 775.3 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നു.

ബ്രസീല്‍ 690.5 മണിക്കൂറും തുര്‍ക്കി 639.1 മണിക്കൂറും ഇന്ത്യക്ക് പിന്നാലെയുണ്ട്. 428.5 മണിക്കൂറുമായി റഷ്യ അഞ്ചാം സ്ഥാനത്താണ്. ഐഫോണ്‍ 13 വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞ ജോലി സമയം ആവശ്യമുള്ള രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡാണ്, അവിടെ ഒരാള്‍ക്ക് കേവലം 34.3 മണിക്കൂര്‍ ജോലി ചെയ്താല്‍ ഐഫോണ്‍ 13 വാങ്ങാം. ആപ്പിള്‍ അവതരിപ്പിച്ച യുഎസില്‍ 49.5 മണിക്കൂര്‍ ജോലി ചെയ്താല്‍ ഐഫോണ്‍ 13 സ്വന്തമാക്കാം.

പട്ടികയില്‍ മൂന്നാമതാണ് യുഎസ്. ഈ രാജ്യങ്ങളിലെ കുറഞ്ഞ വേതനം ഇന്ത്യയേക്കാള്‍ ഉയര്‍ന്നതാണ്. ഇതിനാലാണ് കുറഞ്ഞ സമയം ജോലി ചെയ്താല്‍ ഐഫോണ്‍ 13 വാങ്ങാന്‍ സാധിക്കുന്നത്. കൂടാതെ ഇറക്കുമതി തീരുവകളും ഐഫോണ്‍ 13 വിലയെ സ്വാധീനിക്കുന്നുണ്ട്.

 

Top