ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീശാക്തീകരണ തന്ത്രങ്ങളുമായി മഹിളാ കോണ്‍ഗ്രസ്

mahila congress

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി മഹിളാ കോണ്‍ഗ്രസ്. രാത്രിയിലും പൊതു ഇടങ്ങള്‍ സ്ത്രീ സൗഹൃദമായിരിക്കണമെന്ന ലക്ഷ്യത്തോടെ രാജ്യ വ്യാപകമായി ക്യാപെയ്‌നുകള്‍ നടത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക മൊബൈല്‍ ആപ്പും ഇതിനായി കോണ്‍ഗ്രസ് പുറത്തിറക്കുന്നുണ്ട്.

രാജ്യത്തെ പകുതി വോട്ടര്‍മാരും സ്ത്രീകളാണ്. 1.46 ശതമാനമാണ് പുരുഷ-സ്ത്രീ വോട്ടര്‍മാര്‍ തമ്മിലുള്ള വ്യത്യാസം. രാജ്യത്തെ വിവിധ മണ്ഡലങ്ങളില്‍ സഞ്ചരിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയാണ് ആദ്യപടി. മഹിള അധികാര യാത്രകള്‍, രാത്രി മാര്‍ച്ചുകള്‍, എല്ലാം ക്യാംപയിനിന്റെ ഭാഗമായി ഉണ്ടാകും. ഛണ്ഡിഗഡില്‍ ഓഗസ്റ്റ് 20 മുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പാചക വാതകം, പെട്രോള്‍ വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 500 സ്ത്രീകള്‍ അണിനിരന്ന മാര്‍ച്ച് നടത്തിയിരുന്നു. രാത്രിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

രാജ്യത്തുടനീളം വിവിധ സ്ത്രീകളുമായി സംസാരിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും കണ്ടെത്തലുകള്‍ പാര്‍ട്ടി മാനിഫെസ്‌റ്റോ കമ്മറ്റിയ്ക്ക് കൈമാറുകയും ചെയ്യുമെന്ന് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് എംപി വ്യക്തമാക്കി.

സ്ത്രീകളില്‍ നിന്ന് അഭിപ്രായം രൂപീകരിക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പും കോണ്‍ഗ്രസ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രാത്രികാല സമ്മേളനങ്ങളില്‍ ഇവ ഉപയോഗിക്കും. ഹരിയാനയില്‍ ഇത്തരത്തില്‍ അഭിപ്രായ രൂപീകരണ പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയും ഇത്തരം പരിപാടികളില്‍ പങ്കെടുത്തിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. എല്ലാത്തരത്തിലുമുള്ള തന്ത്രങ്ങളും ഇതിനായി കോണ്‍ഗ്രസ്‌ പയറ്റുന്നുണ്ട്. സവര്‍ണ്ണ രാഷ്ട്രീയവും ദളിത് രാഷ്ട്രീയവും ജാതിയും മതവും ദൈവങ്ങളും എല്ലാം പയറ്റി നോക്കുകയാണ് പാര്‍ട്ടി. ബീഹാറില്‍ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തു കൊണ്ട് സവര്‍ണ്ണ നിലപാടുകള്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസ് പൗരാവകാശ പ്രവര്‍ത്തവരുടെ അറസ്റ്റില്‍ അതി ശക്തമായി പ്രതിഷേധിച്ചു.

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും പരമശിവനും കൈലാസ യാത്രയാണ് രാഹുലിന്റെ ആയുധങ്ങള്‍. പുതിയ ഭാരവാഹികളെ നേരത്തെ നിശ്ചയിച്ച എന്‍ഡിഎയ്ക്ക് മുന്‍പ് തന്നെ കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ഇതിനെല്ലാം പുറമെ മഹിളാ കോണ്‍ഗ്രസും സ്ത്രീവിഷയങ്ങളില്‍ സജീവമായി ഇടപെട്ട് പ്രചരണം ശക്തമാക്കുന്നത് പാര്‍ട്ടിയ്ക്ക് വലിയ കരുത്താകും.

Top