ലീഗിൽ തഹലിയ ഇനി എത്ര നാൾ . . . ? അനില്‍കുമാറിന്റെ പാത പിൻതുടരുമോ ?

ണ്‍ . . . ടു . . .ത്രി …എന്ന് എണ്ണും പോലെയാണിപ്പോള്‍ യു.ഡി.എഫിലെ കാര്യങ്ങള്‍. തിരുവനന്തപുരത്ത് നിന്നും ആദ്യം ഒരു കെ.പി.സി.സി സെക്രട്ടറി, തൊട്ടു പിന്നാലെ കോഴിക്കോട് നിന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയും ചെങ്കൊടി പിടിച്ചു കഴിഞ്ഞു. അടുത്തത് ഇനി ആരാണ് എന്നതാണ് രാഷ്ട്രീയ കേരളവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ‘താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടുക്കിയത് പോലെയാണ് കെ.സുധാകരന്‍ കോണ്‍ഗ്രസ്സ് പിടിച്ചടുക്കിയതെന്ന ‘ കെ.പി അനില്‍കുമാറിന്റെ ആരോപണം കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ചങ്കിലാണ് തറച്ചിരിക്കുന്നത്. ഈ തുറന്നടിക്കല്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളും ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്. കെ.സി വേണുഗോപാല്‍, വി.ഡി.സതീശന്‍, കെ സുധാകരന്‍ കൂട്ടുകെട്ടിനെതിരെ രൂക്ഷമായ ഭിന്നതയാണ് കോണ്‍ഗ്രസ്സില്‍ വ്യാപിച്ചിരിക്കുന്നത്. മറ്റു ഭാരവാഹികളുടെ ലിസ്റ്റ് കൂടി പുറത്തിറങ്ങിയാല്‍ പൊട്ടിത്തെറിയും അതിരൂക്ഷമാകും.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സി.പി.എം എ.കെ.ജി സെന്ററിന്റെ വാതില്‍ തുറന്നിട്ടതാണ് കോണ്‍ഗ്രസ്സിനെ ശരിക്കും പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് വിടുന്ന നേതാക്കള്‍ക്ക് സി.പി.എം നല്‍കുന്ന പരിഗണനയും കെ.പി.സി.സി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് വിട്ട രണ്ട് കെ.പി.സി.സി ഭാരവാഹികള്‍ക്കും എ.കെ.ജി സെന്ററിലും സ്വന്തം നാടുകളിലും വലിയ വരവേല്‍പ്പാണ് സി.പി.എം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ പെട്ടന്ന് പരിഗണിക്കപ്പെടില്ലങ്കിലും ഇവര്‍ക്കെല്ലാം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വലിയ അവസരങ്ങളാണ് സി.പി.എം തുറന്നു കൊടുക്കുവാന്‍ പോകുന്നത്. ഡി.സി.സി പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ്സ് വിട്ട ടി.കെ ഹംസയെ എം.എല്‍.എയും എം.പിയും മന്ത്രിയും ആക്കിയത് സി.പി.എം എന്ന പാര്‍ട്ടി ആണ്. നിലവില്‍ അദ്ദേഹം സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമാണ്. അതു പോലെ തന്നെ മുസ്ലീംലീഗ് വിട്ടുവന്ന കെ.ടി ജലീലിനെ നിരവധി തവണ എം.എല്‍.എ ആക്കിയതും മന്ത്രിയാക്കിയതും സി.പി.എമ്മാണ്. ഇപ്പോഴും അദ്ദേഹം സി.പി.എം അംഗമല്ലന്നതും നാം ഓര്‍ക്കണം.

അതുപോലെ തന്നെ കോണ്‍ഗ്രസ്സ് വിട്ടുവന്ന വി. അബ്ദുറഹ്മാനെ ഇപ്പോള്‍ മന്ത്രിയാക്കിയതും സി.പി.എമ്മാണ്. കോണ്‍ഗ്രസ്സുകാരനായിരുന്ന പി.വി അന്‍വര്‍ മുസ്ലീംലീഗ് വിട്ടു പോന്ന പി.ടി.എ റഹീം എന്നിവരും സി.പി.എം അക്കൗണ്ടില്‍ എം.എല്‍.എമാരായി വിജയിച്ചവരാണ്. ഇതുപോലെ ചൂണ്ടിക്കാട്ടാന്‍ നിരവധി ഉദാഹരണങ്ങള്‍ സി.പി.എമ്മിനുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളെ അങ്ങോട്ട് പോയി ക്ഷണിക്കാതെ ഇങ്ങോട്ട് വരുന്നവരെ സ്വീകരിക്കുക എന്നതാണ് സി.പി.എം സ്വീകരിച്ചിരിക്കുന്ന തന്ത്രം. ഇത്തരത്തില്‍ വന്ന എല്ലാവര്‍ക്കും ഒരു ഉപാധിയും ഇല്ലെന്നത് അവര്‍ തന്നെ തുറന്നു പറഞ്ഞിട്ടുള്ള കാര്യവുമാണ്. സി.പി.എം മെമ്പര്‍ഷിപ്പ് കിട്ടിയാലും ഇല്ലെങ്കിലും അര്‍ഹതക്ക് അതൊരിക്കലും തടസ്സമാകില്ലന്നത് ഉറപ്പ്. കേഡര്‍ പാര്‍ട്ടിയാകാന്‍ ശ്രമിച്ച് ഒടുവില്‍ ഉള്ള അടിത്തറയും ഇളക്കുന്ന ഏര്‍പ്പാടാണ് നിലവില്‍ കെ.പി.സി.സി നേതൃത്വം നടത്തുന്നത്. ‘ആര് പോയാലും, കോണ്‍ഗ്രസ്സിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പറയുന്ന നേതാക്കള്‍ക്ക് പോലും അടുത്ത തവണ നിയമസഭ കാണാന്‍ പറ്റുമോ എന്ന കാര്യത്തില്‍ നല്ല ആശങ്കയുണ്ട്. ഈ ഒരു അവസരത്തിനു തന്നെയാണ് എ – ഐ ഗ്രൂപ്പുകളും കാത്തിരിക്കുന്നത്.

പ്രത്യയശാസ്ത്രപരമായ അടിത്തറയും സംഘടനാപരമായ സംവിധാനവും ഇല്ലാതെ കോണ്‍ഗ്രസ്സിനെ കേഡര്‍ പാര്‍ട്ടിയാക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ നാശത്തിലാണ് കൊണ്ടു ചെന്നെത്തിക്കുക. കോണ്‍ഗ്രസ്സ് ഭരണഘടനക്ക് തന്നെ എതിരായ തീരുമാനമാണ് സുധാകരന്‍ സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി ലെവി പിരിക്കും കേഡര്‍മാര്‍ക്ക് പണം നല്‍കും എന്നതൊക്കെ കേള്‍ക്കാന്‍ നല്ല രസമുള്ള കാര്യമാണ്. പക്ഷേ നടപ്പാക്കല്‍ . . .പാര്‍ട്ടി കോണ്‍ഗ്രസ്സാണെങ്കില്‍ നടപ്പുള്ള കാര്യമൊന്നുമല്ല. സ്വന്തം പോക്കറ്റിലേക്ക് പിരിച്ചാണ് ഈ പാര്‍ട്ടിയിലെ നേതാക്കളുടെ ചരിത്രം ഹൈക്കമാന്‍ഡ് നല്‍കിയ തിരഞ്ഞെടുപ്പ് ഫണ്ട് മോഷ്ടിച്ച കഥകളും പലവട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതാണ് കോണ്‍ഗ്രസ്സ് … കേഡര്‍ പാര്‍ട്ടിയായി മാറണമെങ്കില്‍ ആദ്യം വേണ്ടത് കോണ്‍ഗ്രസ്സ് അതിന്റെ ഭരണഘടന പൊളിച്ചെഴുതുക എന്നതാണ്. മേല്‍തട്ടു മുതല്‍ അടിസ്ഥാന ഘടകം വരെ വലിയ പൊളിച്ചെഴുത്തും അനിവാര്യമായി വരും. ഈ കര്‍ശന ചട്ടക്കൂട്ടില്‍ നില്‍ക്കാന്‍ എത്ര കോണ്‍ഗ്രസ്സുകാര്‍ തയ്യാറാകും എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്.

ഖദറില്‍ വിയര്‍പ്പ് പൊടിയുന്നത് പോലും ഇഷ്ടപ്പെടാത്തവര്‍ എന്ത് ത്യാഗം സഹിക്കുമെന്നാണ് സുധാകരന്‍ പറയുന്നത് ? സുധാകരന്‍ ഉള്‍പ്പെടെ നേതാക്കളാകാന്‍ ശ്രമിക്കുന്നത് തന്നെ ആളാകാന്‍ വേണ്ടിയാണ്. പാര്‍ലമെന്ററി താല്‍പ്പര്യമാണ് ഇവരെ എല്ലാം നയിക്കുന്നത്. ചാനലുകളില്‍ പ്രത്യക്ഷപ്പെടാനും അഴിമതി നടത്താനുമാണ് മറ്റൊരു വിഭാഗം പദവികളെ ഉപയോഗപ്പെടുത്തുന്നത്. ഇതൊക്കെയാണ് കോണ്‍ഗ്രസ്സിലെ കീഴ്‌വഴക്കം. നാട്ടില്‍ ഒരു പ്രകടനം പോലും നടത്താന്‍ മടി കാട്ടുന്നവരെ ഒപ്പം കൂട്ടിയാല്‍ കേഡര്‍ പാര്‍ട്ടിയാകാനല്ല ശരാശരി ഒരു പാര്‍ട്ടിയാകാന്‍ പോലും കഴിയുകയില്ല. കോണ്‍ഗ്രസ്സിനെ കൈപിടിയിലൊതുക്കാന്‍ കണ്ണില്‍ പൊടിയിടുന്ന ചെപ്പടി വിദ്യയാണ് സുധാകരനും സംഘവും നിലവില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് ആദ്യം തിരിച്ചറിയേണ്ടത് കോണ്‍ഗ്രസ്സ് അണികളാണ്. മാറ്റം തുടങ്ങേണ്ടത് ആദ്യം ഡല്‍ഹിയില്‍ നിന്നാണ്. കുടുംബാധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ്സ് ഭരണഘടനയാണ് ആദ്യം ഭേദഗതി ചെയ്യേണ്ടത്. എന്നിട്ടു വേണം മറ്റു തിരുത്തല്‍ നടപടികളിലേക്ക് കടക്കുവാന്‍. ഇതൊന്നും ചെയ്യാതെ കേരളത്തില്‍ മാത്രം തിരുത്തലിനു തുനിഞ്ഞാല്‍ സ്വന്തം അണികള്‍ തന്നെയാണ് നേതൃത്വത്തെ ‘തുരത്തുക’..

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ആ കാഴ്ചയും നമുക്ക് കാണാന്‍ സാധിക്കും. ലോകസഭ തിരഞ്ഞെടുപ്പില്‍ കൂടി കോണ്‍ഗ്രസ്റ്റ് തകര്‍ന്നടിഞ്ഞാല്‍ നെഹറു കുടുംബത്തിന്റെ ആധിപത്യമാണ് അതോടെ അവസാനിക്കുക. കോണ്‍ഗ്രസ്സിലെ സ്ഥിതി ഇതാണെങ്കില്‍ മുസ്ലീംലീഗിലെ സ്ഥിതിയും ഇപ്പോള്‍ വ്യത്യസ്തമല്ല. വലിയ വെല്ലുവിളി തന്നെയാണ് ലീഗും നിലവില്‍ നേരിടുന്നത്. അവരുടെ വിദ്യാര്‍ത്ഥി സംഘടനയിലെ തര്‍ക്കം വലിയ പൊട്ടിത്തെറിയിലാണ് കലാശിച്ചിരിക്കുന്നത്. അസംതൃപ്തരായ ഹരിത നേതാക്കള്‍ ഉള്‍പ്പെടെ എ.കെ.ജി സെന്ററിന്റെ പടി കയറിയാല്‍ ലീഗിന് അതുണ്ടാക്കുക വന്‍ തിരിച്ചടി തന്നെയായിരിക്കും. ഇപ്പോള്‍ പാണക്കാട്ട് നിന്നു തന്നെ ഒരു എതിര്‍ശബ്ദം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അലയൊലി കൂടിയാണ് ലീഗ് പോഷക സംഘടനകളിലും പ്രതിഫലിക്കുന്നത്. തലമുറ മാറ്റവും പരിഗണനയും ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം മുസ്ലീംലീഗിലുണ്ട്. അവര്‍ ഏത് നിമിഷവും ബദല്‍ മാര്‍ഗ്ഗം തേടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പ് അതു കൊണ്ട് തന്നെ ലീഗിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. ഒരു ലക്ഷത്തോളം വോട്ടാണ് കൂടുതലായി മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ ഇത്തവണ സി.പി.എം പിടിച്ചിരിക്കുന്നത്. പൊന്നാനിയിലാകട്ടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് വിജയിച്ചതും കഷ്ടിച്ചാണ്. കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ ആഭ്യന്തര തര്‍ക്കത്തില്‍ ആര്യാടന്‍മാര്‍ കലിപ്പിലായതു കൂടി പരിഗണിച്ചാല്‍ ആ വഴിക്കും പാലം വലി ഉറപ്പാണ്. ഒന്ന് ആഞ്ഞ് പിടിച്ചാല്‍ പൊന്നാനിയും ഇടത്തോട്ടേക്ക് ചായാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. ഈ ഭയം ലീഗ് നേതൃത്വത്തിനും ഇപ്പോഴുണ്ട്. മുസ്ലീംലീഗിലെ റിബലുകളെ കൂടി ഉപയോഗപ്പെടുത്താന്‍ സി.പി.എം തീരുമാനിച്ചാല്‍ മുസ്ലീംലീഗിന് പിന്നെ സ്വന്തം കോട്ടകളില്‍ പോലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്നു വരികയില്ല. അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്.

 

Top