രാഹുലിന് സിന്ധ്യയോട് അസൂയ! ‘കൈ’യുടെ തഴയല്‍ ബിജെപി നേട്ടമാക്കിയത് എങ്ങനെ?

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ സാക്ഷിനിര്‍ത്തി കാവിരാഷ്ട്രീയത്തിലേക്ക് ജ്യോതിരാദിത്യ സിന്ധ്യ ചുവടുമാറ്റം പ്രഖ്യാപിച്ചപ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചും, ഉപദേശിച്ചും, സഹതപിച്ചും രംഗത്തെത്തി. എന്നാല്‍ വാര്‍ത്തകള്‍ക്കപ്പുറം പാര്‍ട്ടിക്ക് അകത്ത് നിറഞ്ഞത് നിരാശയുടെയും, കീഴടങ്ങലിന്റെയും വാക്കുകളാണ്. ജനകീയനായ ഒരു നേതാവിനെ ഒതുക്കി നിര്‍ത്തിയതിന്റെ പരിണിത ഫലമാണ് സിന്ധ്യയുടെ രാജിയിലേക്ക് വഴിവെച്ചതെന്ന് പാര്‍ട്ടിക്കുള്ളില്‍ സംസാരം നിറയുന്നുണ്ട്.

രാഹുലിന്റെ ചതി:

2018 ഡിസംബറിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയ സിന്ധ്യയോട് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി അറിയിക്കുന്നു. സംസ്ഥാന പ്രസിഡന്റ് പദവി സിന്ധ്യക്കെന്നും വ്യക്തമാക്കി. ബഹളം വെയ്ക്കുന്ന പതിവില്ലാത്ത സിന്ധ്യ പാര്‍ട്ടി തീരുമാനം സ്വീകരിച്ചു. എന്നാല്‍ അന്ന് മുതല്‍ രാജിവെയ്ക്കുന്നത് വരെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം മുഖ്യമന്ത്രിയായ കമല്‍നാഥ് കൈയില്‍ സൂക്ഷിച്ചു.

രാഹുല്‍ ഗാന്ധിയെ മറികടക്കുന്ന നേതാവായി സിന്ധ്യ മാറുമെന്ന ആശങ്കയാണ് ഇതിന് കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. ഒരേ പ്രായത്തിലുള്ളവര്‍, എന്നിട്ടും സിന്ധ്യ രാഹുലിനെ മറികടന്നേക്കുമെന്ന ഭയത്തിലാണ് പകരക്കാരനായി കമല്‍നാഥിനെ തെരഞ്ഞെടുക്കുന്നത്. പിതാവ് മാധവറാവു സിന്ധ്യക്കും ഇതേ അനുഭവം നേരിട്ടിരുന്നു.

ഒതുക്കല്‍ തന്ത്രം:

ഇതിന്റെ പേരില്‍ സിന്ധ്യയെ പിന്തുണയ്ക്കുന്നവര്‍ക്കിടയില്‍ രോഷം ആളിക്കത്തുമ്പോള്‍ മറ്റൊരു പണി കൂടി കോണ്‍ഗ്രസ് നേതൃത്വം അടിച്ചേല്‍പ്പിച്ചു. സംസ്ഥാന അധ്യക്ഷനായി നിയോഗിക്കുന്നതിന് പകരം പാര്‍ട്ടി ഹൈക്കമാന്‍ഡ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെസ്റ്റേണ്‍ ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജാക്കി അയച്ചു. മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിന്നും അകറ്റാനും ശിക്ഷാനടപടി പോലെയാണ് ഇതിനെ കണക്കാക്കിയത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ലെന്ന് അറിഞ്ഞാണ് പ്രമുഖ നേതാവിനെ നാടുകടത്തിയത്.

വൃദ്ധന്‍മാരുടെ കോണ്‍ഗ്രസ്:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ രാഹുല്‍ രാജിവെച്ചു. ഉത്തരവാദിത്വം ഏറ്റെടുത്ത് സിന്ധ്യയും രാജിവെച്ചു. തൃപുര യൂണിറ്റ് ദേശീയ അധ്യക്ഷനായി സിന്ധ്യയുടെ പേര് ഉയര്‍ത്തിക്കാണിച്ചപ്പോഴും സോണിയാ ഗാന്ധി തിരിച്ചുവരണമെന്ന് വാദിച്ചത് ജ്യോതിരാദിത്യ സിന്ധ്യയാണ്. എന്നാല്‍ മധ്യപ്രദേശില്‍ രണ്ട് സിന്ധ്യയെ ഒതുക്കാനും അകറ്റാനും ശ്രമിച്ചു. മുഖ്യമന്ത്രി കമല്‍നാഥും, മുന്‍ മുഖ്യന്‍ ദിഗ്‌വിജയ് സിംഗുമായിരുന്നു ഇതിന് പിന്നില്‍.

അസ്വസ്ഥത അവസരമാക്കി ബിജെപി:

സിന്ധ്യയെ കൈക്കലാക്കാന്‍ അമ്മായി യശോദരാ രാജെയെ ബിജെപി വിനിയോഗിച്ചു. ഒപ്പം സിന്ധ്യയുമായി ഏറെ അടുപ്പമുള്ള പഴയ സുഹൃത്ത് കൂടിയായ ബിജെപി ദേശീയ വക്താവ് സഫര്‍ ഇസ്ലാമും കാര്യങ്ങള്‍ എളുപ്പമാക്കി. ജെപി നദ്ദയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത അമിത് ഷാ ഇക്കാര്യങ്ങള്‍ സഫര്‍ ഇസ്ലാമുമായി സംസാരിച്ചു. ഒരു സാധാരണ സംസാരം ഒരാഴ്ചയ്ക്ക് ഇപ്പുറം കോണ്‍ഗ്രസിന് ഹൃദയാഘാതം സമ്മാനിച്ചു. സഫര്‍ ഇസ്ലാം സിന്ധ്യയെ ബിജെപി ആസ്ഥാനത്തേക്ക് നയിച്ചു.

Top