ഒടുവില്‍ കോണ്‍ഗ്രസിനെ കൈവിട്ടു; സിന്ധ്യയുടെ രാജി ക്ഷമയും, സമയവും നശിച്ചപ്പോള്‍ . . .

2018 ഡിസംബറില്‍ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഒരു ചിത്രം പങ്കുവെച്ചു. ജ്യോതിരാദിത്യ സിന്ധ്യ വലത്തും, കമല്‍നാഥിനെ ഇടത്തും നിര്‍ത്തിയ ചിത്രത്തിന് ലിയോ ടോള്‍സ്‌റ്റോയിയുടെ പ്രശസ്തമായ വാക്യം അടിക്കുറിപ്പായി നല്‍കി.

‘ഏറ്റവും ശക്തമായ രണ്ട് പോരാളികള്‍ ക്ഷമയും, സമയവുമാണ്’, രാഹുല്‍ 2018 ഡിസംബര്‍ 13ന് ട്വീറ്റ് ചെയ്തു. പക്ഷെ ആ വാക്കുകളില്‍ പറഞ്ഞതിന് വിരുദ്ധമായി കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിച്ചതോടെ 15 മാസത്തിന് ഇപ്പുറം വലംകൈയായ സിന്ധ്യക്ക് നഷ്ടമായത് ക്ഷമയാണ്. ഇതിനൊടുവില്‍ അദ്ദേഹം കൈക്കൊണ്ടത് 18 വര്‍ഷക്കാലമായി പാര്‍ട്ടിക്കൊപ്പം നടത്തിയ യാത്ര അവസാനിപ്പിക്കാനുള്ള തീരുമാനം കൂടിയാണ്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുകയും, 15 വര്‍ഷം നീണ്ട ഭരണത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുകയും ചെയ്തതിന്റെ ക്രെഡിറ്റ് ജ്യോതിരാദിത്യ സിന്ധ്യക്കുള്ളതാണ്. പക്ഷെ തെരഞ്ഞെടുപ്പ് വിജയിച്ച് മുഖ്യമന്ത്രി കസേരയുടെ കാര്യം വന്നപ്പോള്‍ സിന്ധ്യക്ക് മുകളില്‍ കമല്‍നാഥിനെ പ്രതിഷ്ഠിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. 2018 ഏപ്രിലില്‍ മാത്രമാണ് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയില്‍ കമല്‍നാഥ് എത്തുന്നത്. പിന്നീട് ഇതുവരെ പകരക്കാരനെ നിയോഗിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

മുഖ്യമന്ത്രി കസേര നിഷേധിക്കപ്പെട്ടതോടെ സിന്ധ്യക്ക് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി നല്‍കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ വാദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രസിഡന്റിനെ നിയോഗിക്കാമെന്ന നേതൃത്വത്തിന്റെ വാക്ക് പാലിക്കപ്പെട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി സ്ഥാനം രാജിവെച്ചപ്പോള്‍ ഒപ്പം സ്ഥാനമാനങ്ങള്‍ രാജിവെച്ച വ്യക്തിയാണ് സിന്ധ്യ.

എന്നാല്‍ ഇതിന് ശേഷം കമല്‍നാഥ് മറ്റ് ചില പേരുകളുമായി സോണിയാ ഗാന്ധിയെ കണ്ടെങ്കിലും തീരുമാനമായില്ല. ഡല്‍ഹി നിയമസഭയില്‍ നാണംകെട്ടതോടെ പാര്‍ട്ടി പുതിയ വഴി കണ്ടെത്തണമെന്ന് സിന്ധ്യ ആവശ്യപ്പെട്ടു. ഒപ്പം ഭരണത്തിലേറാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ കമല്‍നാഥ് പാലിച്ചില്ലെങ്കില്‍ തെരുവില്‍ ഇറങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘ഇറങ്ങിക്കോട്ടെ’ എന്നാണ് കമല്‍നാഥ് ഇതിന് നല്‍കിയ മറുപടി.

ഇതോടെ മുഖ്യമന്ത്രിയും, സിന്ധ്യയും തമ്മിലുള്ള തര്‍ക്കം മുറുകി. പ്രശ്‌നം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ ക്ഷമ നശിച്ച് സിന്ധ്യ രാജിവെയ്ക്കുകയും ചെയ്തു.

Top