ജെഎന്‍യുവില്‍ ചോര വീണത് എന്ത് കൊണ്ട്? ഇടത്-എബിവിപി തമ്മിലടി വഴിത്തിരിവായി

മുഖംമൂടി ധരിച്ച ആണുങ്ങളും, പെണ്ണുങ്ങളും വടിയും, ഇരുമ്പ് ദണ്ഡും മറ്റുമായി ഞായറാഴ്ച രാത്രിയാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അക്രമം അഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും അക്രമിച്ചതിന് പുറമെ ക്യാംപസിലെ വസ്തുക്കളും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെയാണ് അഡ്മിനിസ്‌ട്രേഷന്‍ പോലീസിനെ വിളിച്ചുവരുത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട അക്രമത്തില്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ 28 പേര്‍ക്കാണ് പരുക്കേറ്റത്.

ജനുവരി 4ന് ജെഎന്‍യുവിലെ സെന്‍ഡ്രല്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റത്തില്‍ അതിക്രമിച്ച് കടന്ന ഏതാനും മുഖംമൂടിക്കാര്‍ സെര്‍വ്വര്‍ തകര്‍ത്തിരുന്നു. ജനുവരി 3 മുതല്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയനില്‍ പെട്ടവര്‍ സെര്‍വ്വര്‍ റൂമില്‍ തമ്പടിച്ചിരുന്നതായാണ് ആരോപണം. ഇതേ ദിവസം സെര്‍വ്വര്‍ റൂമില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് എബിവിപി വിദ്യാര്‍ത്ഥികളെ ഇടതുകാര്‍ തടയുകയും ഇതിന്റെ പേരില്‍ ഒരു ഇടത് നേതാവിനെ എബിവിപി നേതാവ് മര്‍ദ്ദിക്കുകയും ചെയ്തു.

ജനുവരി 5ന് തമ്മിലടി തുടര്‍ന്നു. വിന്റര്‍ സെമസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയ എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ഇടതുകാര്‍ അക്രമം അഴിച്ചുവിട്ടത്. ഉച്ചയ്ക്ക് 1 മണി വരെ നീണ്ട അക്രമം തടയാന്‍ ശ്രമിച്ച സുരക്ഷാ ഗാര്‍ഡുമാര്‍ക്കും ഇടത് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റു. വൈകുന്നേരം 5 മണിയോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. പുറമെ നിന്നും എത്തിയ 50ഓളം പേര്‍ പിന്നിലെ ഗേറ്റ് വഴി അകത്ത് കടന്നാണ് ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ അക്രമം അഴിച്ചുവിട്ടത്.

അഞ്ചരയോടെ സംഭവം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും അകത്ത് പ്രവേശിക്കാന്‍ അനുമതി കിട്ടിയില്ല. അക്രമം ഹോസ്റ്റലുകളിലേക്ക് നീണ്ടതോടെ 6.45നാണ് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ അനുമതി എഴുതി നല്‍കിയത്. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളും പോലീസില്‍ ബന്ധപ്പെട്ടു. രാത്രി 7 മണിക്കാണ് പോലീസ് ക്യാംപസില്‍ പ്രവേശിക്കുന്നത്.

Top