ഹെഡ്‌ഫോണിലും ഇയര്‍ഫോണിലും നോയിസ് ക്യാന്‍സലേഷൻ എങ്ങനെയെന്നറിയാം

ജോലിക്കായും യാത്രാ വേളകളിലും ഉപയോഗിക്കാനായി ഹെഡ്‌ഫോണുകള്‍, ഇയര്‍ഫോണുകള്‍, ഇയര്‍ബഡ്‌സ് എന്നിവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. കുറച്ചു കാലം മുൻപ് വരെ ഒരു ഹെഡ്‌ഫോണോ, ഇയര്‍ഫോണോ വാങ്ങണമെന്നു തോന്നിയാല്‍ കയ്യിലുള്ള പണത്തിനനുസരിച്ച് ഏറ്റവും മികച്ച കമ്പനിയുടെ ഉല്‍പന്നം വാങ്ങുക എന്നതായിരുന്നു പതിവ്. എന്നാൽ, ഇന്ന് പലരും വിവിധതരം ഹെഡ്‌ഫോണുകളിലും മറ്റും എന്തു വ്യത്യാസമാണ് ഉള്ളതെന്നും കൂടി പരിശോധിക്കുന്നുണ്ട്. ഓഡിയോ പ്ലേബാക്കിലൊക്കെ നിരവധി മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഇവയില്‍ താരതമ്യേന സാധാരണമായ ഒന്നാണ് നോയിസ് ക്യാന്‍സലേഷന്‍. ഇതുതന്നെ പല പേരുകളില്‍ അറിയപ്പെടുന്നു – ആക്ടിവ് നോയിസ് ക്യാന്‍സേഷന്‍, പാസീവ് നോയിസ് ക്യാന്‍സലേഷന്‍, നോയിസ് ഐസൊലേഷന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ മികച്ച ഹെഡ്‌സെറ്റുകള്‍ക്കുമൊപ്പം കേള്‍ക്കാം. എന്താണ് ഈ പ്രയോഗങ്ങളൊക്കെ അര്‍ഥമാക്കുന്നത്?

പുറമെ നിന്നുള്ള ശബ്ദം ചെവിയിലെത്തുന്നതു തടയുന്ന രീതിയെ വിവരിക്കുന്ന പദങ്ങളാണ് നോയിസ് ക്യാന്‍സലേഷന്‍. പാസീവ് നോയിസ് ക്യാന്‍സലേഷന്റെ കാര്യത്തില്‍ വലിയ ഇയര്‍കപ്പുകളും, രൂപകല്‍പനയും മറ്റും ഉപയോഗിച്ച് തടസങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക. രണ്ടു കയ്യും ഉപയോഗിച്ച് ചെവി അടച്ചുപിടിച്ച് ശബ്ദങ്ങള്‍ കേള്‍ക്കാതിരിക്കാൻ ചെയ്യുന്നതു പോലെയുള്ള പ്രക്രിയയാണ് ഇത്. നോയിസ് ഐസോലേഷന്‍ എന്ന പ്രയോഗം കൊണ്ടും ഉദ്ദേശിക്കുന്നത് ഇതു തന്നെയാണ്. വലിയ ഇയര്‍ കപ്പുകളും രൂപകല്‍പനാ വൈഭവവും മറ്റും ഉപയോഗിച്ച് ഹെഡ്‌ഫോണുകള്‍ ഇങ്ങനെ പുറമേ നിന്നുള്ള ശബ്ദം ചെവിയിലെത്തിക്കാതിരിക്കാന്‍ പ്രവർത്തിക്കുന്നു. ഇത് കുറച്ചൊക്കെ പ്രാവര്‍ത്തികമാണെങ്കിലും അത്ര മികച്ചതല്ല. കാരണം ഓരോരുത്തരുടെയും ചെവിയുടെ വലുപ്പം, രീതി, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയല്‍, രൂപകല്‍പന തുടങ്ങിയ ഘടകങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഒരു കണക്കിനു പറഞ്ഞാല്‍ എല്ലാ ഹെഡ്‌ഫോണുകളിലും പാസീവ് നോയിസ് ക്യാന്‍സലേഷന്‍ ഉണ്ട്. എന്നാല്‍, ചില ഹെഡ്‌ഫോണുകളില്‍ കട്ടികൂടിയ വസ്തുക്കള്‍ ഉപയോഗിച്ച് പുറമേ നിന്നുള്ള ശബ്ദങ്ങള്‍ പ്രവേശിക്കുന്നതു കൂടുതലായി തടയുന്നു. മിഡ് മുതല്‍ ഹൈ ഫ്രീക്വന്‍സി വരെയുള്ള, അതായത് 15ഡിബി മുതല്‍ 30ഡിബി വരെയുള്ള ശബ്ദങ്ങളെയാണ് ഇത് പ്രതിരോധിക്കുന്നത്.

സാങ്കേതികവിദ്യാപരമായി പറഞ്ഞാല്‍ ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ അഥവാ എഎന്‍സി ഉള്ള ഹെഡ്‌ഫോണുകളും ഇയര്‍ഫോണുകളും ഇയര്‍ബഡുകളുമാണ് മികച്ച പ്രകടനം നടത്തുന്നത്. ഇവയിലുള്ള ചെറിയ മൈക്രോഫോണുകളും മറ്റു ശബ്ദങ്ങള്‍ക്കായി ‘ചെവിയോര്‍ക്കുന്നു’. അവ പിടിച്ചെടുക്കുന്ന വോയിസ്ഡേറ്റ ഇവയുടെ പ്രോസസറുകളിലേക്ക് അയയ്ക്കുന്നു. പ്രോസസറുകള്‍ അല്‍ഗോറിതങ്ങള്‍ പ്രയോജനപ്പെടുത്തി പുറമേ നിന്നു കേള്‍ക്കുന്ന ശബ്ദങ്ങള്‍ക്ക് ‘എതിരായ’ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു. ഇത് പുറമേ നിന്ന് എത്തുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നു. എന്നു പറഞ്ഞാല്‍ +1 ഉം -1 ചേരുമ്പോള്‍ പൂജ്യമാകുന്നു എന്ന് ‘ഹെഡ്‌ഫോണസ്റ്റി’ വെബ്‌സൈറ്റ് പറയുന്നു. ഇങ്ങനെ പൂജ്യം അല്ലെങ്കില്‍ നിശബ്ദത കൊണ്ടുവരാനായി പ്രതിപ്രവര്‍ത്തനം നടത്തുന്ന പ്രക്രിയയെ ആണ് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ അല്ലെങ്കില്‍ സജീവ ശബ്ദ നിരാകരണം എന്നു പറയുന്നത്. എന്നാല്‍, ഇന്നു നിലവിലുള്ള ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റങ്ങള്‍ക്ക് ലോ ഫ്രീക്വന്‍സി ശബ്ദങ്ങളെ കുറയ്ക്കാനുള്ള ശേഷിയാണ് ഉള്ളത് എന്നും മനസ്സില്‍വയ്ക്കണം. കാറിന്റെ എൻജിന്‍, എയര്‍ കണ്ടിഷനറുകളുടെ ശബ്ദം തുടങ്ങിയവയെ ആയിരിക്കും ഇത് കുറയ്ക്കുക.

Top