ബിജെപി ഔട്ട്? മോദി പ്രഭാവം മങ്ങുന്നു; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറുമോ!

ന്യൂഡല്‍ഹി: 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോഴുണ്ടായ ആ പ്രഭാവം രണ്ടാം വരവില്‍ കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞില്ല എന്നതിന് തെളിവാണ് മഹാരാഷ്ട്രയില്‍ ബദല്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വ്യക്തമാകുന്നത്. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലേറി 2017 ആയപ്പോഴേക്കും രാജ്യത്തെ 71 ശതമാനം ഭൂപ്രദേശങ്ങളും ബിജെപിയുടെയോ ബിജെപി സഖ്യത്തിന്റെയോ ഭരണത്തിന്‍ കീഴിലായി.

2014ല്‍ കേന്ദ്രത്തിലെത്തുമ്പോള്‍ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ബിജെപി ഭരണം.2018ല്‍ മോദി പ്രഭാവത്തിന്റെ ബലത്തില്‍ അത് 21 സംസ്ഥാനങ്ങളായി കുതിച്ചുയര്‍ന്നു.2016ല്‍ ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങള്‍ 19 ആയും 2018ല്‍ അത് 21 സംസ്ഥാനങ്ങളായുമാണ് ഉയര്‍ന്നത്. ഇതിനിടെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ബജെപിക്ക് നഷ്ടപ്പെട്ടു. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ടിഡിപി വിട്ടിറങ്ങിയതോടെ ആന്ധ്രാപ്രദേശിലെ ഭരണ പങ്കാളിത്തവും ബിജെപിക്ക് നഷ്ടമായി. ഇതിന് പിന്നാലെ ജമ്മു കശ്മീരിലെ പിഡിപിയുമായുള്ള കൂട്ടുകെട്ട് തകരുകയും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്‍ കീഴില്‍ ആകുകയും ചെയ്തു. ഇന്ത്യയുടെ 55 ശതമാനം ജനങ്ങള്‍ ഇപ്പോള്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കര്‍ണ്ണാടകത്തില്‍ ബിജെപി ഭരണം തുടരുമോ എന്നത് അടുത്ത മാസത്തെ ഉപതെരഞ്ഞെടുപ്പ് നിര്‍ണ്ണയിക്കും.

ഇപ്പോള്‍ മഹാരാഷ്ട്ര കൂടി പ്രതിപക്ഷത്തേക്ക് പോകുമ്പോള്‍ ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 16ആയി ഇടിയുകയാണ്.

ബിജെപിയുടെ ആശയ ദാതാവും മാതൃസംഘടനയുമായ ആര്‍എസ്എസിന്റെ കേന്ദ്രമായ നാഗ്പുര്‍ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയും നഷ്ടപ്പെടുമ്പോള്‍ ഭരണഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ബിജെപിയുടെ ഇടം കുറയ്ക്കും. രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാം എന്ന പ്രതീക്ഷയ്ക്കും മങ്ങലേല്‍ക്കും.

Top