പാകിസ്ഥാന്‍ ഞെട്ടി; ബാലകോട്ടില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ചരിത്രം കുറിച്ചത് മാസ്സായി!

2019 ഫെബ്രുവരി 25ന് വെസ്റ്റേണ്‍ എയര്‍ കമ്മാന്‍ഡ് ചീഫ് എയര്‍ മാര്‍ഷല്‍ സി ഹരികുമാറിന് ആചാരപരമായ യാത്ര അയപ്പ് നല്‍കുന്ന ചടങ്ങില്‍ അന്നത്തെ ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയും, 80 മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒരു സാധാരണ ഡിന്നറില്‍ കവിഞ്ഞ് മറ്റൊന്നും അധികം ആരും അറിഞ്ഞില്ല. ഏതാനും ഉന്നത ഓഫീസര്‍മാര്‍ ഒഴികെ!

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന അക്രമം നടത്തി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ മഹത്തായ അധ്യായം കുറിയ്ക്കാന്‍ മികച്ച യുദ്ധവിമാന പൈലറ്റുമാര്‍ തയ്യാറെടുക്കുമ്പോഴാണ് ധനോവയും, ഹരികുമാറും ഡിന്നര്‍ കൂടിയത്.

ബാലകോട്ടിലെ ജെയ്‌ഷെ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഫെബ്രുവരി 26ന് പുലര്‍ച്ചെ ഐഎഎഫ് യുദ്ധവിമാനങ്ങള്‍ പണിനടത്തി തിരിച്ചുവന്നത്. പുല്‍വാമ ഭീകരാക്രമണം നടന്ന് 24 മണിക്കൂറിനകം തന്നെ തിരിച്ചടിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കകം ലക്ഷ്യം കണ്ടെത്തി പദ്ധതി നടപ്പാക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശം നല്‍കി, ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉറി ഭീകരാക്രമണത്തിന് മറുപടി നല്‍കിയ രീതിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് പാകിസ്ഥാന്റെ തലയ്ക്ക് മുകളിലൂടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാഞ്ഞത്. അവര്‍ ഞെട്ടുക മാത്രമല്ല അതിശയിക്കുകയും ചെയ്തു, ഒരു ശ്രോതസ്സ് പറയുന്നു. ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുന്നതിനാലാണ് ഇവിടം ലക്ഷ്യകേന്ദ്രമായി തെരഞ്ഞെടുത്തത്.

പാകിസ്ഥാനെ തെറ്റിദ്ധരിപ്പിക്കാന്‍ മൂന്ന് സംഘങ്ങളായി യുദ്ധവിമാനങ്ങള്‍ നീങ്ങി. എവിടെ തിരിച്ചടി കിട്ടുമെന്ന് അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ജെയ്‌ഷെ ആസ്ഥാനമായ ബഹവല്‍പൂര്‍ അക്രമിക്കുമെന്ന് സുഖോയ് 30 വിമാനങ്ങള്‍ ചിന്തിപ്പിച്ചപ്പോള്‍, സിയാല്‍കോട്ടിനും, ലാഹോറിനും നേരെ മറ്റൊരു സംഘവും പാഞ്ഞു. ഈ കണ്‍ഫ്യൂഷനിടയില്‍ ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ചുണക്കുട്ടികള്‍ ചടങ്ങ് പൂര്‍ത്തിയാക്കി മടങ്ങി.

Top