How can be trust the words of Biju Radhakrishnan who killed his own wife?

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈംഗിക ആരോപണം കേരളത്തെ മാത്രമല്ല, രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമാണ്.

സാംസ്‌കാരിക കേരളത്തിന്റെ നായകനെതിരെ ഉയര്‍ന്ന ആരോപണം ദേശിയമാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചപ്പോള്‍ തലകുനിക്കേണ്ടി വന്നത് മഹത്തായ സംസ്‌കാരത്തിനുടമകളെന്ന് അഭിമാനിക്കുന്ന മലയാളി സമൂഹമാണ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മിക്കനിലപാടുകളോടും സമീപനങ്ങളോടും കടുത്ത അഭിപ്രായവ്യത്യാസമുള്ളവരാണ് ഞങ്ങള്‍. പക്ഷേ അത് കൊണ്ട് മാത്രം ഭാര്യയെ കൊന്ന കൊലയാളിയുടെ വാക്കുകള്‍ അപ്പാടെ വിശ്വസിക്കാന്‍ ഒരുക്കവുമല്ല.

ബിജു രാധാകൃഷ്ണന്റെയും സരിതാ നായരുടേയും ടീം സോളാറിനു വേണ്ടി വഴിവിട്ട സഹായം വല്ലതും ഒരുപക്ഷേ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ചെയ്തിരിക്കാമെങ്കിലും സരിതയെ ലൈംഗികമായി ഉമ്മന്‍ ചാണ്ടി ഉപയോഗിച്ചുവെന്ന് പറയുന്നത് കേരളീയ സമൂഹം വിശ്വസിക്കാന്‍ തരമില്ല. സരിതയുടേയും മുഖ്യമന്ത്രിയുടേയും പ്രായം മാത്രം പരിഗണിച്ചല്ല ഇക്കാര്യം പറയുന്നത്. ഇത്തരമൊരു മാനസികാവസ്ഥ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നെങ്കില്‍ അത് നേരത്തെ തന്നെ പ്രകടമാകുമായിരുന്നു. മാത്രമല്ല ബിജു രാധാകൃഷ്ണന്‍ ആരോപണമുന്നയിക്കാന്‍ തിരഞ്ഞെടുത്ത സമയവും സന്ദര്‍ഭവും ഏറെ സംശയത്തിനിട നല്‍കുന്നതാണ്.

ഗ്രൂപ്പിസം തലയ്ക്ക് പിടിച്ച ചില വ്യക്തികളുടെ ‘തിരക്കഥ’ പ്രകാരമുള്ള അഭിനയമാണ് സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്‍ ആടിതിമിര്‍ത്തത് എന്ന ആരോപണത്തിന്റെ പ്രസക്തി ഇവിടെയാണ്.

കാരണം നേരത്തെ സോളാര്‍ കമ്മീഷനില്‍ ഹാജരായ ബിജു രാധാകൃഷ്ണന്‍ തന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്ന ദിവസത്തിന് ശേഷം ഹാജരാകാന്‍ വീണ്ടും അനുവദിക്കണമെന്ന് അപേക്ഷിച്ചത് തന്നെ ബ്ലാക്ക്‌മെയിലിംഗിനു വേണ്ടിയാണ്.

കോടതികളില്‍ ഹാജരാകുന്ന സമയങ്ങളില്‍ എന്ത് വിളിച്ച് പറഞ്ഞാലും മാധ്യമങ്ങള്‍ മുഖവിലക്കെടുക്കില്ലെന്ന് കണ്ടാണ് സോളാര്‍ കമ്മീഷനില്‍ തന്നെ ബുദ്ധിപൂര്‍വ്വം ബിജു രാധാകൃഷ്ണന്‍ മൊഴി കൊടുത്തത്.

തന്റെ രണ്ടാം ഭാര്യയായിരുന്ന സരിതാ നായരെ ഇങ്ങനെ ബിജുവിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എയും എംപിയുമൊക്കെ ഉപയോഗിക്കുകയായിരുന്നുവെങ്കില്‍ അപ്പോള്‍ ബിജുവിന്റെ റോളെന്തായിരുന്നു?

മന്ത്രിയും എംഎല്‍എയും എംപിയുമടക്കമുള്ളവര്‍ ഭാര്യയെ പീഡിപ്പിച്ച കഥ പറയാന്‍ ബിജു തന്നെ ഇപ്പോള്‍ ലൈംഗികാരോപണമുന്നയിച്ച മുഖ്യമന്ത്രിയെ സമീപിച്ചതെന്തിനായിരുന്നു? വിലപേശലിനോ?

പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ തെളിവുകള്‍ കയ്യിലുണ്ടെങ്കില്‍… അന്ന് തന്നെ ദൃശ്യങ്ങള്‍ പുറത്ത് വിടുകയോ അതല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയോ ആയിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്.

ഇതൊന്നും ചെയ്യാതെ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ കണക്ക് പറഞ്ഞ് കാശ് വാങ്ങാനാണോ ബിജു രാധാകൃഷ്ണന്‍ പോയത്. യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അതിന് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കുകയായിരുന്നു വേണ്ടത്. ഇവിടെ സരിത തന്നെ പറയുന്നത് ഇത്തരം കാര്യങ്ങള്‍ ഒന്നും നടന്നിട്ടില്ല, ദൃശ്യങ്ങള്‍ പുറത്ത് വിടാനാണ്.

തന്റെ രണ്ടാം ഭാര്യയായ സരിതയുടെ അഭ്യര്‍ത്ഥന മാനിച്ചെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അവ പുറത്ത് വിടാന്‍ ബിജു രാധാകൃഷ്ണന്‍ ഉടന്‍ തയ്യാറാകണം. സോളാര്‍ കമ്മീഷന്‍ അതിനുള്ള അവസരം ഒരുക്കുകയും വേണം.

ഇനി തെളിവുകള്‍ ഒന്നും പുറത്ത് വിടാനില്ലെങ്കില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ വിളിച്ച് പറയാന്‍ വാ തുറക്കാനുള്ള അവസ്ഥ ബിജു രാധാകൃഷ്ണനുണ്ടാക്കുകയുമരുത്. അതിന് വേണ്ടി സോളാര്‍ കമ്മീഷന്‍ അനുവദിച്ച അഞ്ച് ദിവസം വരെ കാത്തിരിക്കാം.

ബിജു രാധാകൃഷ്ണന്‍ പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടാല്‍ അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാവണം. കാരണം ഒരു ഭരണകൂടത്തെ തന്നെ മറിച്ചിടാനുള്ള ഗൂഡാലോചന ഇതിന് പുറകിലുണ്ടാവാം. അത് ഏത് ഉന്നതനായാലും കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ഇക്കാര്യത്തില്‍ വലിയ സസ്‌പെന്‍സ് ഉണ്ടാക്കാതെ ഉടനെ തന്നെ തീരുമാനമുണ്ടാകേണ്ടത് സാംസ്‌കാരിക കേരളത്തിന്റെ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ ആരംഭ കാലം തൊട്ട് വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇപ്പോഴത്തെ പ്രതിസന്ധിയും ചോദിച്ച് വാങ്ങിയതാണ്.

മുഖ്യമന്ത്രിയായാലും മന്ത്രിയായാലും മറ്റ് ജനപ്രതിനിധികളായാലും പൊതു സമൂഹത്തില്‍ പുലര്‍ത്തേണ്ട ചില അതിര്‍വരമ്പുകള്‍ ഉണ്ട്. അത് നിര്‍ബന്ധമായും പാലിക്കേണ്ടത് തന്നെയാണ്.

ഒരു ദിവസം എത്ര മണിക്കൂര്‍ ഉറങ്ങിയെന്ന് നോക്കിയല്ല ജനങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. നിങ്ങള്‍ ഉറങ്ങേണ്ട സമയത്ത് ഉണര്‍ന്നിരിക്കേണ്ട കാര്യമില്ല. പക്ഷേ ഉണര്‍ന്നിരിക്കേണ്ട സമയത്ത് ഉറങ്ങാന്‍ പാടില്ല. ഉറക്കം നടിക്കാനും പാടില്ല.

ആര് എന്ത് പറഞ്ഞാലും ഫയലില്‍ കണ്ണടച്ച് ഒപ്പിടുകയോ, ഫോണില്‍ കുത്തിക്കളിക്കുകയോ ചെയ്യരുത്. കാരണം നിങ്ങള്‍ യുഡിഎഫിന്റെ മാത്രം നേതാവല്ല. മൂന്നരക്കോടി ജനങ്ങളുടെ നായകനാണ്.

എന്ത് കാര്യം ചെയ്യുമ്പോഴും അതിന്റെ ഭവിഷത്ത് കൂടി ഓര്‍ക്കണം. ബിജു രാധാകൃഷ്ണനും സരിതയും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജയിലില്‍ കിടന്ന കാര്യം അറിയാതെ പോയതും ഈ ജാഗ്രതക്കുറവ് കൊണ്ടാണ്.

സ്വന്തം ഭാര്യയെ കൊന്ന ഒരു കുറ്റവാളിക്കാണ് സോളാര്‍ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ വഴിവിട്ട സഹായം ചെയ്തത്.ഇപ്പോള്‍ അവര്‍ തന്നെ തിരിഞ്ഞ് കുത്തുന്നതും ചരിത്രത്തിന്റെ വിരോധാഭാസമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ താങ്കളുടെ കസേരയ്ക്ക് വേണ്ടി കൊതിക്കുന്ന വിഭാഗത്തിന് ഈ ‘ഗൂഢാലോചനയില്‍’ പങ്കുണ്ടെന്ന അണിയറ സംസാരം ശരിയാണെങ്കില്‍ താങ്കള്‍ ഇനിയും സൂക്ഷിക്കുന്നത് നല്ലതാണ്. അതല്ല ബിജു രാധാകൃഷ്ണന്‍ പറഞ്ഞതില്‍ വല്ല കഴമ്പുമുണ്ടെങ്കില്‍ പിന്നെ ഒരു നിമിഷം പോലും ആലോചിക്കാതെ ഉടന്‍ രാജിവച്ച് കേരള സമൂഹത്തോട് മാപ്പ് പറയുക. അതിന് അഞ്ചുദിവസം കാത്തിരിക്കേണ്ട ആവശ്യമില്ല.

ഇനി പ്രതിപക്ഷത്തോട് ഒരു വാക്ക്…

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ജനപ്രതിനിധികള്‍ തെറ്റുകാരാണെങ്കില്‍ തീര്‍ച്ചയായും അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷമെന്ന നിലയില്‍ പോരാടണം.

എന്നാല്‍ ആരോപണവിധേയരായവരില്‍ ആരെങ്കിലുമൊക്കെ നിരപരാധികളാണോ എന്ന് പരിശോധിച്ചിട്ട് വേണമത്. അതിന് ബിജു രാധാകൃഷ്ണന്‍ തെളിവുകള്‍ ഹാജരാക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകണം.

അതല്ലാതെ രാഷ്ട്രീയ താല്‍പര്യം മുന്‍ നിര്‍ത്തി മാത്രം അടിച്ചാക്ഷേപിക്കരുത്. കാരണം എല്ലാവര്‍ക്കും കുടുംബമുണ്ട്. കുടുംബത്തെയും ജനങ്ങളെയും മറന്ന് തെറ്റ് ചെയ്തവര്‍ വിചാരണ ചെയ്യപ്പെടട്ടെ. അതല്ലാതെ അറുപതോളം തട്ടിപ്പുകേസുകളില്‍ പ്രതിയായ ഒരു കൊലയാളിയുടെ വാമൊഴി വേദവാക്യമായെടുത്ത് വാര്‍ത്ത പടച്ച് വിടുന്ന മാധ്യമവികാരത്തിന്റെ കൂടെ പോകരുത്.

ചാനല്‍ റേറ്റിങ്ങിനും സര്‍ക്കുലേഷനും ഇത്തരം ‘മസാലക്കഥകള്‍’ മാധ്യമങ്ങള്‍ക്ക് അനിവാര്യമാകും. പക്ഷേ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് അത് ഭൂഷണമല്ല.

Team Express Kerala

Top