സന്യാസിയുടെ കൈയില്‍ 10 കോടി എങ്ങനെ വരും, തന്റെ തലയ്ക്കു 10 കോടി വേണ്ട; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തനിക്കെതിരെ സന്യാസി നടത്തിയ പ്രകോപന പ്രസ്താവനക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മ പരാമര്‍ശത്തിന്റെ പേരിലാണ്, ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പരിതോഷികം നല്‍കുമെന്ന സന്യാസിയുടെ പ്രകോപന പ്രസ്താവന.

എന്നാല്‍ സന്യാസിയുടെ കൈയില്‍ 10 കോടി എങ്ങനെ വരുമെന്നാണ് ഉദയനിധി ചോദിക്കുന്നത്. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി ചോദിച്ചു. തന്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം.

കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കരുതെന്നും സനാതനധര്‍മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കി. അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടേതായിരുന്നു ഉദയനിധിക്കെതിരെയുള്ള പരാമര്‍ശം. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

Top