ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കി ഹൂതി ആക്രമണം; ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂത്തിമലീഷ്യകള്‍ തൊടുത്തുവിട്ട മൂന്ന് മിസൈലുകള്‍ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു യമന്‍ അതിര്‍ത്തിയില്‍ നിന്നും ഇറാന്‍ പിന്തുണയുള്ള ഹൂതി തീവ്രവാദികള്‍ മിസൈല്‍ ആക്രമണ ശ്രമം നടത്തിയത്.

അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ക്കനുസൃതമായി പ്രദേശത്തെ പൗരന്മാരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ചും ആക്രമണം നടത്താന്‍ ഹൂത്തി മലീഷ്യകള്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ സഖ്യസേന അവസാന നിമിഷത്തില്‍ ഇവരുടെ ശ്രമത്തെ പരാജയപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് തയാറാക്കി നിര്‍ത്തിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ യമനിലെ അല്‍സലീഫില്‍ വെച്ചാണ് സഖ്യസേന തകര്‍ത്തത്.

സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഹൂത്തി മലീഷ്യകള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. സ്റ്റോക്ക്‌ഹോം സമാധാന കരാര്‍ ഹൂത്തികള്‍ ലംഘിക്കുന്നതായും സഖ്യസേന ആരോപിച്ചു.

 

Top