ഹാര്‍വി ചുഴലിക്കാറ്റില്‍ മുങ്ങി ഹൂസ്റ്റണ്‍, മലയാളി കുടുംബങ്ങള്‍ ദുരിതത്തില്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണ്‍ ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പെട്ടുഴലുകയാണ്.

ഒട്ടേറെ മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഹൂസ്റ്റണ്‍. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞതും അപകടഭീഷണി വര്‍ധിപ്പിക്കുകയാണ്.

ചീങ്കണ്ണികളും പാമ്പുകളുമൊക്കെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായി ഫൊക്കാന ഭാരവാഹികളായ പോള്‍ കരുകപള്ളി, രഞ്ജിത് പിള്ള എന്നിവര്‍ ഒരു സ്വകാര്യ മാധ്യമത്തോടു പറഞ്ഞു.

പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു. ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാര്‍ഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റണ്‍ ഒറ്റപ്പെട്ടു.

അതേസമയം എത്രയും വേഗം രക്ഷാബോട്ടുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമസസ്ഥലങ്ങള്‍ നഷ്ടമായവര്‍ക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും താമസിക്കാന്‍ അവസരം ഒരുക്കുന്നുണ്ട്.

Top