ബാങ്കിലേക്കുള്ള പടികള്‍ കയറുന്നതിനിടെ വഴുതി വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

മാന്നാര്‍: ബാങ്കിലേക്കുള്ള പടികള്‍ കയറുന്നതിനിടെ വഴുതി വീണ് വീട്ടമ്മയുടെ തലയ്ക്ക് ഗുരുതര പരിക്ക്. ചെന്നിത്തല പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കാരാഴ്മ മൂലയില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ ലത ചന്ദ്രന്‍ (61) ആണ് വഴുതി വീണ് ഗുരുതരമായ പരിക്കേറ്റത് വെള്ളിയാഴ്ച പകല്‍ മൂന്നിന് എസ് ബി ഐ ചെന്നിത്തല ശാഖയിലാണ് സംഭവം.

കുത്തനെയുള്ള പടികള്‍ കയറുന്നതിനിടെ കാല്‍ വഴുതി താഴെ വീണ് തലയുടെ പുറകു ഭാഗം പടിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തല പൊട്ടി ചോര വാര്‍ന്ന് കിടന്ന ഇവരെ നാട്ടുകാരാണ് തട്ടാരമ്പലം സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്.

അഞ്ചോളം തുന്നലുകളാണ് തലയിലുള്ളത്. ഇതിന് മുമ്പുംനിരവധിയാളുകള്‍ ബാങ്കിലേക്ക് കയറുന്ന പടിയില്‍ വീണ് പരിക്കേറ്റിട്ടുണ്ടെന്നും, ഇതില്‍ ഒരാള്‍ കോമബാധിച്ച് കിടപ്പിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.

ബാങ്കില്‍ ഇടപാടുകള്‍ നടത്താന്‍ എത്തുന്ന വയോധികരടക്കമുള്ളവര്‍ക്ക് കുത്തനെയുള്ള പടികയറാന്‍ പ്രയാസമാണ്. ഈ പടികള്‍ മാറ്റി പകരം സംവിധാനമൊരുക്കണമെന്നുള്ളാവശ്യം ഇടപാടുകാര്‍ നിരന്തരമായി ബാങ്ക് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്.

Top