ആലുവ നഗര മധ്യത്തില്‍ വീട്ടമ്മയെ മര്‍ദിച്ച സംഭവം ; വനിതാ കമ്മിഷന്‍ ഇടപെട്ടു

കൊച്ചി : ആലുവ നഗരത്തില്‍ വീട്ടമ്മക്ക് ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെടുന്നു. കുറ്റക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കി.

വനിതാ ദിനത്തിലായിരുന്നു യുവതിക്ക് മര്‍ദ്ദനമേറ്റത്. ചില്ലറ നല്‍കാത്തതിന്റെ പേരില്‍ ഓട്ടോഡ്രൈവര്‍ ആലങ്ങാട് കളപറമ്പത്ത് ജോസിന്റെ ഭാര്യ നീതയെ മര്‍ദിക്കുകയായിരുന്നു.

മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനായി തൃശൂരില്‍ പോയി മടങ്ങിയ നീത ആലുവയില്‍ ബസിറങ്ങി രണ്ട് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഓട്ടോകൂലിയായി ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപ മാത്രം ഉണ്ടായിരുന്നതിനാല്‍ 500 രൂപയുടെ നോട്ടു നല്‍കി. തുടര്‍ന്ന് ചില്ലറ മാറ്റാനായി അടുത്ത കലവയിലേക്ക് ഓട്ടോയുമായി പോയ ഡ്രൈവര്‍ ചില്ലറ മാറ്റിയ ശേഷം 450 രൂപ ബാക്കി തന്നു. തനിക്ക് 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവര്‍ അസഭ്യവര്‍ഷം ആരംഭിക്കുകയായിരുന്നെന്ന് നീത പറയുന്നു. തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്റെ എതിര്‍ദിശയിലേക്ക് ഓട്ടോ ഓടിച്ച് പോകാന്‍ ശ്രമിച്ചു. നീത ബഹളം വച്ചതോടെ അടുത്തൊരു സ്‌കൂളിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി നിലത്തിട്ട് മുഖം ഉരക്കുകയും മര്‍ദ്ദിക്കുകയായിരുന്നെന്ന് നീത മൊഴി നല്‍കി.

Top