കണ്ണൂരില്‍ വീടിന്റെ മച്ച് തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചു, മകന്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ മച്ച് തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. പൊടിക്കുണ്ട് കൊയിവീട്ടില്‍ വസന്ത (60) യാണ് മരിച്ചത്. മകന്‍ ഷിബുവിന് പരിക്കേറ്റു. മച്ച് നിര്‍മിച്ച മരംകൊണ്ടുള്ള ബീമും മണ്ണും മുകള്‍ നിലയിലെ കട്ടിലും അലമാരയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വസന്തയുടെ മേലെ പതിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും വസന്ത മരിച്ചിരുന്നു.

സീലിങ്ങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകമുണ്ടായത്. മരത്തിന്റെ ബീം ഉപയോഗിച്ചുണ്ടാക്കിയ സീലിങ് തകര്‍ന്നുവീഴുകയായിരുന്നു. സീലിങ് തകര്‍ന്നതോടെ മുകളിലത്തെ നിലയിലെ കട്ടില്‍ അടക്കമുള്ള വസ്തുക്കള്‍ വസന്തയുടെ മേലേക്ക് വീണു. മുകളിലെ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീണു. ഷിബുവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്ക് തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

ഷിബുവിനെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്തിയെങ്കിലും കുടുങ്ങിപ്പോയ ബീമും മണ്ണും ഉള്‍പ്പെടെ പതിച്ചതിനാല്‍ വസന്തയെ രക്ഷിക്കാനായില്ല. അവശിഷ്ടങ്ങള്‍ നീക്കി വസന്തയെ പുറത്തെടുക്കാനും ഫയര്‍ഫോഴ്‌സും പൊലീസും നന്നേ പാടുപെട്ടു. മണ്ണും മറ്റും വീണ് വാതില്‍ തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പിന്നീട് വാതില്‍ പൊളിച്ച് അകത്ത് കടക്കുമ്പേഴേക്കും വസന്ത മരിച്ചിരുന്നു.

50 വര്‍ഷത്തിലധികം പഴക്കമുള്ള വീട്ടിലെ മച്ചിന്റെ മരംകൊണ്ടുള്ള ബീം ദ്രവിച്ചതാണ് തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വസന്തയുടെ ഭര്‍ത്താവും മറ്റൊരു മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മറ്റ് രണ്ട് മക്കള്‍ ബന്ധുവീട്ടിലായിരുന്നു.

 

 

Top