തിരക്കേറിയ റോഡില്‍ മോഷണം; സ്വര്‍ണ്ണ കമ്മലിനായി വീട്ടമ്മയുടെ ചെവി പിഴുതെടുത്തു

CrimeTapeSmall

ഡല്‍ഹി: വടക്കെ ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ നാല്‍പത്തിയേഴുകാരിക്കെതിരെ ആക്രമണം. റോഡിലൂടെ നടന്നു പോകുന്ന വന്ദന ശര്‍മ്മ എന്ന വീട്ടമ്മയുടെ നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ കാതിലിലുള്ള സ്വര്‍ണ്ണ കമ്മല്‍ പൊട്ടിച്ചെടുക്കുന്നതിനിടെ കാത് പിഴുതെടുക്കുകയാണ് മോഷ്ടാവ് ചെയ്തത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തനിച്ച് തന്നെ ആശുപത്രിയില്‍ ചെല്ലുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാകുകയും ചെയ്തു.

വടക്കെ ഡല്‍ഹിയില്‍ ഉത്തംനഗറില്‍ മെട്രോ സ്‌റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. എന്നാല്‍ ഇതൊക്കെ കണ്ടിട്ടും നിരത്തിലുണ്ടായിരുന്നവര്‍ ആരും തന്നെ സ്ത്രീയുടെ രക്ഷക്കെത്തിയില്ല. ആശുപത്രിയില്‍ എത്തിക്കാന്‍ ആരും ശ്രമിച്ചതുമില്ലെന്ന് വന്ദന പറഞ്ഞു.

ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന ശര്‍മ്മ. പെട്ടെന്നാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച് പറിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. കടുത്ത വേദനയില്‍ മിണ്ടാനോ കരയാനോ പോലും പറ്റിയില്ല. അഞ്ചു മിനിട്ടോളം വന്ദന സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി.

കാഴ്ച്ചയില്‍ 20 വയസ്സു തോന്നിക്കുന്ന മോഷ്ടാവിനെ പിടിക്കാനോ ഇവരെ ആസ്പത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും ദ്വാരക ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ത്തെ അപേക്ഷിച്ച് പിടിച്ചുപറി വര്‍ധിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Top