അടിമാലിയില്‍ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു

കോട്ടയം: അടിമാലിയില്‍ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകന്‍ എത്തിയ ശേഷം മറ്റ് നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ മാസം 17നാണു കണ്ടെത്തിയത്. രണ്ട് ദിവസമാണ് റോഡരികില്‍ ഉപേക്ഷിച്ച കാറില്‍ ശരീരം പാതി തളര്‍ന്ന ലൈലൈമണി കഴിഞ്ഞത്. തുടര്‍ന്ന് സംശയം തോന്നിയ സമീപത്തെ ഓട്ടോഡ്രൈവര്‍മാരാണ്‌ കാറിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന ലൈലാമണിയെ കണ്ടെത്തുന്നതും വിവരം പൊലീസില്‍ അറിയിക്കുന്നതും. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവരുടെ രണ്ടാം ഭര്‍ത്താവ് മാത്യുവാണ് കാറില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ഇയാള്‍ ഇതിന് മുമ്പും ലൈലാമണിയെ വഴിയില്‍ ഉപേക്ഷിച്ച് പോയിരുന്നു. അന്ന് പൊലീസ് ഇടപെട്ട് ബന്ധുക്കളെ കണ്ടെത്തി ലൈലാമണിയെ അവര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

വയനാട് തലപ്പുഴ വെണ്മണിയില്‍ ആയിരുന്നു രണ്ടാം ഭര്‍ത്താവുമൊത്ത് ലൈലാമണി താമസിച്ചിരുന്നത്. തിരുവനന്തപുരം കല്ലറ സ്വദേശിയാണ് ഇവര്‍. 22 വര്‍ഷം മുമ്പാണ് ആദ്യ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം 2014 മുതലാണ് മാത്യുവിനൊപ്പം താമസിച്ചിരുന്നത്.

Top