വന്ദനയുടെ കൊലപാതകം ബോധപൂര്‍വ്വം; പൊലീസിനെതിരെ ഹൗസ് സര്‍ജന്മാര്‍

കൊല്ലം: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍. പ്രതി മാനസിക രോഗിയാണെന്ന വാദം ഡോക്ടര്‍മാര്‍ തളളി. പ്രതി സന്ദീപ് കൊലപാതകം നടത്തിയത് ബോധപൂര്‍വ്വമാണ്. ബോധമുളള ആളിന് മാത്രമെ ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കൂ. പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങികൊടുക്കണമെന്നും ഹൗസ് സര്‍ജന്മാര്‍ ആവശ്യപ്പെട്ടു.

പ്രതി പ്രകോപിതനായ ശേഷം ആദ്യം ഹോം ഗാര്‍ഡിനെയാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട വന്ദന ദാസിന്റെ സുഹൃത്തും ഡോക്ടറുമായ നാദിയ പറഞ്ഞു. പിന്നീട് ആണ് സന്ദീപ് പൊലീസിനെ മര്‍ദ്ദിക്കുന്നത്. ഈ സമയത്താണ് ഡോ. വന്ദന പുറത്തേക്ക് വന്നത്. പ്രതി അക്രമകാരിയാണെന്ന് വന്ദന അറിയുന്നില്ല. സംഭവസ്ഥലത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വന്ദനയ്ക്ക് അറിയില്ലായിരുന്നു. ബോധമനസോടെയല്ല പ്രതി ആക്രമം ചെയ്തതെന്നാണ് പറയുന്നത്. പ്രതി ബുദ്ധിപൂര്‍വ്വം ചെയ്തതാണ്. അയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്നും ഡോ. നാദിയ ചൂണ്ടിക്കാട്ടി.

അക്രമം നടക്കുന്ന സമയത്ത് ആംബുലന്‍സ് ഡ്രൈവറായ രാജേഷ് മറ്റ് നഴ്സുമാരെ അകത്താക്കി വാതിലടച്ചു. ഈ സമയത്ത് വന്ദനയും മറ്റൊരു ജീവനക്കാരിയുമാണ് പുറത്തുണ്ടായിരുന്നത്. രക്ഷപ്പെട്ട ജീവനക്കാരി ഡോക്ടര്‍ ഷിബിനോട് വന്ദനയെ പ്രതി കുത്തുന്നുവെന്ന് പറഞ്ഞു. ഇതുകേട്ട ഷിബിന്‍ ഓടിയെത്തി പ്രതിയെ തട്ടിമാറ്റി വന്ദനയെ രക്ഷിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ വന്ദനയക്ക് ബോധമുണ്ടായിരുന്നു. ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ വന്ദനയെ ഷിബിനാണ് രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവന്നത്. പുറത്തേക്ക് കൊണ്ടുവരുമ്പോഴും വന്ദനയെ പ്രതി കുത്തിയിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ബുദ്ധിപൂര്‍വം അക്രമിക്കാന്‍ ഉപയോഗിച്ച കത്രിക ഫില്‍ട്ടറില്‍ നിന്ന് വെളളമെടുത്ത് കഴുകി അത് ഫില്‍ട്ടറിനകത്തേക്ക് ഇടുകയാണ് ഉണ്ടായതെന്നും നാദിയ പറഞ്ഞു

ഒറ്റപ്പെട്ട ആ അച്ഛനും അമ്മയ്ക്കും മാത്രമാണ് നഷ്ടം. ആ മാതാപിതാക്കളുടെ കണ്ണീരിന് ഓരോരുത്തരും ഉത്തരവാദിയാണ്. നമ്മുടെ സംവിധാനങ്ങള്‍ തെറ്റ് തന്നെയാണെന്നും ഡോക്ടര്‍ നാദിയ വിമര്‍ശിച്ചു. എത്രയും വേഗം കേസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സന്ദീപിന് മാക്സിമം ശിക്ഷ വാങ്ങിച്ചുകൊടുക്കണം. ഡോക്ടര്‍ വന്ദനയുടെ അച്ഛനും അമ്മയ്ക്കും വേണ്ടി സാന്ത്വനം നല്‍കുന്ന ഒരു വാക്ക് ആണ് ഞങ്ങള്‍ക്ക് വേണ്ടത്. ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ തന്നെ കേസ് നടത്തണം. ദ്രുതഗതിയില്‍ തന്നെ വിധി വരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Top