വീട്ടുജോലിക്കാരുടെ റിക്രൂട്ട് കരാര്‍ ഓൺലൈനാക്കി മാറ്റി സൗദി തൊഴില്‍ മന്ത്രാലയം

റിയാദ് : റിയാദ് : വീട്ടുജോലിക്കാരെ രാജ്യത്തെയ്ക്ക് റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ ഓണ്‍ലൈന്‍ വഴിയാക്കി മാറ്റി സൗദി തൊഴില്‍ മന്ത്രാലയം.

തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈലാണ് പുതിയ പദ്ധതി സംബന്ധിച്ച വിവരം അറിയിച്ചത്.

റിക്രൂട്ടിങ് ഏജന്‍സി, തൊഴിലാളി, തൊഴിലുടമ എന്നിവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് പറഞ്ഞു.

തൊഴില്‍ മന്ത്രാലയം നേരത്തെ ആരംഭിച്ച ‘മുസാനിദ്‘ ഓണ്‍ലൈന്‍ സംവിധാനം പരിഷ്കരിച്ചുകൊണ്ടാണ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം യാഥാര്‍ഥ്യമാക്കിയത്.

ജോലിക്കാർ വിസ തെരഞ്ഞെടുക്കുന്നത് മുതല്‍ അവർ സൗദിയില്‍ എത്തുന്നത് വരെയുള്ള നടപടികള്‍ നിരീക്ഷിക്കാനും രേഖയാക്കാനും പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ കഴിയും.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള www.musaned.gov.sa എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ സേവനം ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

റിക്രൂട്ടിങ് ഏജന്‍സിയും തൊഴിലുടമയും തമ്മില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പുതിയ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താൻ കഴിയും.

Top