റണ്‍ബീര്‍ കപ്പൂർ ചിത്രമായ ‘അനിമലി’ലെ പട്ടൗഡി പാലസ് എന്ന സെയ്ഫിന്റെ വീട് ശ്രദ്ധ നേടുന്നു

വിവാദങ്ങള്‍ക്കിടയിലും സന്ദീപ് റെഡ്ഡി വംഗയുടെ ക്രൈം സാഗ ‘അനിമല്‍’ തീയേറ്ററുകളില്‍ മികച്ച കളക്ഷനാണ് നേടുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രത്തിലെ പുരുഷമേധാവിത്വ സമീപനവും ഗാര്‍ഹിക പീഡനവും രൂക്ഷവിമര്‍ശനത്തിന് വിധേയമായിരിക്കുന്നത്. സന്ദീപ് റെഡ്ഡി വംഗയുടെ മുന്‍ ചിത്രമായ ‘അര്‍ജ്ജുന്‍ റെഡ്ഡി’യും ‘കബീര്‍ സിങും’് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിടുണ്ട്.

അനിമലിന്റെ ചിത്രീകരണവിശേഷങ്ങളും അണിയറക്കാഴ്ചകളുമറിയാന്‍ ആളുകള്‍ ആകാംക്ഷാഭരിതരാണ്. ഇപ്പോഴിതാ സിനിമയിലെ വീടിനെ സംബന്ധിച്ച വാര്‍ത്തയാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. അനിമലില്‍ രണ്‍ബീര്‍ കപൂറിന്റെ വീടായി ചിത്രീകരിച്ചിരിക്കുന്നത് സെയ്ഫ് അലി ഖാന് പാരമ്പര്യമായി ലഭിച്ച പട്ടൗഡി പാലസാണ്. രണ്‍ബീറിന്റെ കസിനായ കരീന കപൂറിന്റെ ഭര്‍ത്താവ് കൂടിയാണ് പാലസിന്റെ ഉടമയും ബോളിവുഡ് നടനുമായ സെയ്ഫ്.

ഹരിയാണയിലെ ഗുഡ്ഗാവിലാണ് 800 കോടി വിലമതിക്കുന്ന സെയ്ഫിന്റെ പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. ഈ കൊട്ടാരത്തിലെ പുല്‍ത്തകിടിയും ഇടനാഴികളുമെല്ലാം ചിത്രത്തിലെ പല സുപ്രധാനരംഗങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ വീട്. പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലക്ഷ്വറി ഹോട്ടലായി നീമ്‌റാണ ഹോട്ടല്‍സ് നെറ്റ്വര്‍ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു. പിന്നീട് 2014-ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണമായ അവകാശം തിരികെ നേടുകയായിരുന്നു.

ഏഴ് ബെഡ്റൂമുകള്‍, ഏഴ് ഡ്രെസിങ് റൂം, ഏഴ് ബില്യാര്‍ഡ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റമ്പതോളം മുറികളാണ് ഇവിടെയുള്ളത്. 800 കോടിയോളം മതിപ്പുവിലയാണ് പട്ടൗഡി പാലസിന് കണക്കാക്കുന്നത്. കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ പാലസിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ കൂസല്‍, കാള്‍ മോള്‍ട്ട്, വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിട്ടെക്റ്റുമാരായിരുന്നു. പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്ന പട്ടൗഡി കൊട്ടാരത്തിന്റെ മുറ്റത്ത് വിശാലമായൊരു നീന്തല്‍ക്കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.

Top