മുഖ്യമന്ത്രിയുടെ സന്ദർശനം ഫലിച്ചു, തൃശൂരിൽ കൂറ്റൻ ഭവന സമുച്ചയം ഉയരുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ യുഎഇ റെഡ്ക്രസന്‍റ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത ഭവന സമുച്ചയ നിർമ്മാണം തുടങ്ങി. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് റെഡ്ക്രസന്‍റിന്‍റെ ഭവന സമുച്ചയം ഒരുങ്ങുന്നത്. ലൈഫ് മിഷനു വേണ്ടി 140 ഫ്ലാറ്റുകളുള്ള ഭവന സമുച്ചയമാണ് റെഡ്ക്രസന്‍റ് നിര്‍മ്മിക്കുന്നത്.

ഇരുപത് കോടി രൂപയാണ് പദ്ധതിക്കായി യുഎഇ റെ‍‍ഡ്ക്രസന്റ് ചെലവഴിക്കുക. പതിനഞ്ച് കോടി രൂപ ഭവനസമുച്ചയ നിര്‍മ്മാണത്തിനും അഞ്ച് കോടി ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാനുമായി ചെലവഴിക്കും. 2020 സപ്തംബറോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

പ്രളയപുനര്‍നിര്‍മാണത്തിന് സഹായം തേടി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ റെഡ്ക്രസന്റുമായി കേരളത്തിലെ വികസനവിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ചയില്‍ പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിന് സഹായം ലഭ്യമാക്കുമെന്ന് റെഡ്ക്രസന്റ് ഉറപ്പു നല്‍കിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെത്തിയ റെഡ്ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താന്‍ ലൈഫ് മിഷനുമായി ധാരാണാപത്രം ഒപ്പിട്ടിരുന്നു. ഈ ധാരണാപത്രത്തെ തുടര്‍ന്നാണ് വടക്കാഞ്ചേരിയില്‍ ഭവനസമുച്ചയം നിര്‍മ്മിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Top