കക്ഷി നേതാക്കളുടെ യോഗവും അലസി, സഭയില്‍ ഇന്നും ബഹളം; ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം: എംഎൽഎമാരെ മർദ്ദിച്ച വാച്ച് ആന്റ് വാർഡുകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സഭാ നടപടികളുമായി മുന്നോട്ടുപോകാൻ കഴിയാതെ വന്നതോടെ, സഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.

സഭ ചേർന്ന ഉടനെ തന്നെ പ്രതിപക്ഷ ബഹളം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ എംഎൽഎമാരെ മർദ്ദിച്ച വാച്ച് ആന്റ് വാർഡുകൾക്കെതിരെ നടപടി വേണമെന്നും തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസ് നിരാകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അവകാശം നിരന്തരം ലംഘിക്കുന്നുവെന്നും സഭ ടിവി ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സഭയിൽ ഇന്നലെയുണ്ടായ സംഘർഷം നിർഭാഗ്യകരമെന്ന് സ്പീക്കർ പറഞ്ഞു. സഭയ്ക്കുള്ളിൽ പ്രതിപക്ഷം ഇന്നലെ സമാന്തര സഭ ചേർന്നത് തെറ്റെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

നേരത്തെ, പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കുന്നതിന് സ്പീക്കർ വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗം തീരുമാനമാകാതെയാണ് പിരിഞ്ഞത്. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസ് നിരാകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഉണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാരെ മർദ്ദിച്ച വാച്ച് ആന്റ് വാർഡുകൾക്കെതിരെ നടപടി വേണമെന്നും യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. യോഗം പ്രതിപക്ഷ – ഭരണപക്ഷ വാക്കേറ്റത്തിനാണ് വേദിയായത്. തുടർന്ന് സ്പീക്കറുടെ റൂളിങ്ങിന് വിട്ട് യോഗം ധാരണയാവാതെ പിരിയുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഭയിൽ പ്രതിപക്ഷ പ്രതിഷേധം.

Top